മുത്തലാഖ്; ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

ദില്ലി: മുത്തലാഖുമായി ബന്ധപ്പെട്ട നിര്‍ണായക ബില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന കരട് ബില്ലിന് കേന്ദ്രമന്ത്രിസഭ നേരത്തെ അംഗീകാരം നല്‍കിയിരുന്നു.

കഴിഞ്ഞ ഡിസംബര്‍ 15 നാണ് ‘മുസ്ലിം വുമണ്‍ ബില്ലിന്’ മന്ത്രിസഭ അംഗീകാരം നല്‍കിയത്. മുത്തലാഖ് ജാമ്യമില്ലാക്കുറ്റമാക്കാനും, മുത്തലാഖിലൂടെ വിവാഹമോചനം ചെയ്താല്‍ പുരുഷന് മൂന്നുവര്‍ഷം വരെ തടവ് ശിക്ഷ നല്‍കാനും വ്യവസ്ഥ ചെയ്യുന്ന ബില്ലിനാണ് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്.

 

വാക്കാലോ രേഖാമൂലമോ, ഇമെയില്‍, എസ്എംഎസ്, വാട്ട്‌സ്ആപ് തുടങ്ങിയ സന്ദേശസംവിധാനങ്ങളിലൂടെയോ ഒറ്റത്തവണ മുത്തലാഖ് ചൊല്ലി വിവാഹമോചനം നേടുന്നത് നിയമവിരുദ്ധമാണെന്ന് ബില്‍ വ്യക്തമാക്കുന്നു. ബില്ല് പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനത്തില്‍ തന്നെ അവതരിപ്പിച്ച് അംഗീകാരം നേടുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും മുന്‍പ് വ്യക്തമാക്കിയതാണ്.

ഓഗസ്റ്റ് 22 നാണ് സുപ്രിം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലി വിവാഹമോചനം നടത്തുന്ന മുത്തലാഖ് താത്കാലികമായി റദ്ദാക്കിയത്. ആറ് മാസത്തിനകം മുത്തലാഖ് നിരോധിക്കുന്നതിന് നിയമനിര്‍മാണം നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *