കാലിത്തീറ്റകുംഭകോണം: ലാലു പ്രസാദ് യാദവ് വീണ്ടും ജയിലിലേക്ക്, ജഗന്നാഥ് മിശ്രയെ വെറുതെ വിട്ടു

റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസില്‍ ബിഹാര്‍ മുന്‍മുഖ്യമന്ത്രി ലാലു പ്രസാദ് യാദവും മറ്റ് 15 പ്രതികളും കുറ്റക്കാരനെന്ന് കോടതി. അതേസമയം, കോണ്‍ഗ്രസിന്റെ മുന്‍മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര ഉള്‍പ്പെടെ ആറുപേരെ കോടതി കുറ്റവിമുക്തരാക്കി. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. ലാലുവിന്റെ ശിക്ഷ ജനുവരി മൂന്നിലേക്ക് മാറ്റി. 22 പ്രതികള്‍ക്കെതിരായ വിധിയാണ് ഇന്ന് പ്രസ്താവിച്ചത്. കുറ്റക്കാരനെന്ന് വിധിച്ചതോടെ ലാലുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കേസില്‍ മൊത്തം 34 പ്രതികളാണ് ഉണ്ടായിരുന്നത്. 11 പേര്‍ വിചാരണക്കാലയളവിനിടെ മരണപ്പെട്ടിരുന്നു. ഒരാള്‍ കുറ്റം സമ്മതിച്ച് മാപ്പ് സാക്ഷിയായിരുന്നു. നേരത്തെ ആദ്യ കേസില്‍ ലാലുവിന് അഞ്ച് വര്‍ഷം തടവും 25 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.

റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി ശിവ്പാല്‍ സിംഗാണ് വിധി പ്രസ്താവിച്ചത്. 1995 96 കാലയളവില്‍ വ്യജ ബില്ലുകള്‍ ഹാജരാക്കി ഡിയോഹര്‍ ജില്ലാ ട്രഷറിയില്‍ നിന്ന് 84.5 കോടി രൂപ പിന്‍വലിക്കപ്പെട്ട കേസിലാണ് വിധി വന്നിരിക്കുന്നത്. ഈ സമയത്ത് ബിഹാറിന്റെ മുഖ്യമന്ത്രിധനമന്ത്രി സ്ഥാനങ്ങള്‍ വഹിക്കുകയായിരുന്നു ലാലു. അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണഫയലില്‍ നടപടി സ്വീകരിക്കന്നതിന് ലാലു പ്രസാദ് മനപ്പൂര്‍വം കാലതാമസം വരുത്തിയെന്നാണ് സിബിഐ കേസ്. ലാലുവിന് അഴിമതിയെ കുറിച്ച് അറിവുണ്ടായിരുന്നെന്നും എന്നാല്‍ നടപടി വൈകിപ്പിച്ച് അദ്ദേഹം അഴിമതിക്ക് കൂട്ട് നില്‍ക്കുകയായിരുന്നു എന്നുമായിരുന്നു സിബിഐ ആരോപിച്ചത്.

വിധി കേള്‍ക്കുന്നത് ലാലുവും മകനും ബിഹാര്‍ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവും കോടതിയില്‍ എത്തിയിരുന്നു. ഡിസംബര്‍ 13 നാണ് കേസിലെ വിചാരണ നടപടികള്‍ അവസാനിച്ചത്. തുടര്‍ന്ന് ഇന്ന് എല്ലാ പ്രതികളോടും കോടതിയില്‍ ഹാജരാകാന്‍ ജഡ്ജി നിര്‍ദേശിച്ചിരുന്നു. കോടതിയില്‍ വിശ്വാസമുണ്ടെന്നും തനിക്ക് നീതി ലഭിക്കുമെന്നുമായിരുന്നു വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയപ്പോള്‍ ലാലുവിന്റെ പ്രതികരണം. വിധി എന്തായാലും സമാധാനം പാലിക്കണമെന്ന് അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു ലാലു.

2013 സെപ്തംബര്‍ 30 നായിരുന്നു ആദ്യകേസില്‍ ലാലുവിനെ ശിക്ഷിച്ചുകൊണ്ടുള്ള വിധി വന്നത്. ചൈബാസ ട്രഷറിയില്‍ നിന്ന് വ്യാജ ബില്ലുകള്‍ ഉപയോഗിച്ച് 37.5 കോടി രൂപ പിന്‍വലിച്ചെന്ന കേസിലായിരുന്നു ഇത്. ഈ കേസില്‍ പിന്നീട് സുപ്രിം കോടതി ലാലുവിന് ജാമ്യം അനുവദിക്കുകയായിരുന്നു. അന്ന് രണ്ട് മാസത്തോളം ലാലുവിന് ജയിലില്‍ കഴിയേണ്ടി വന്നു.

2014 ല്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി കാലിത്തീറ്റ കുംഭകോണത്തില്‍ ലാലു പ്രസാദ് യാദവിന് എതിരായ നാല് കേസുകളിലെ വിചാരണ സ്റ്റേ ചെയ്തിരുന്നു. സമാന സ്വഭാവം ഉള്ള കേസുകളില്‍ ഒരേ സാക്ഷിമൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ വിചാരണ നേരിടേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാര്‍ഖണ്ഡ് ഹൈക്കോടതി സ്റ്റേ ഉത്തരവ് നല്‍കിയിരുന്നത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ച, അഴിമതി നിരോധനം എന്നീ ചാര്‍ജുകള്‍ ഒഴിവാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഈ സ്റ്റേ പിന്നീട് സുപ്രിം കോടതി നീക്കുകയും ലാലു പ്രസാദ് യാദവ് എല്ലാ കേസുകളിലും പ്രത്യേക വിചാരണ നേരിടണമെന്നും നിര്‍ദേശിച്ചിരുന്നു. 1990 നും 1997 നും ഇടയില്‍ കന്നുകാലികള്‍ക്ക് കാലിത്തീറ്റയും മരുന്നുകളും വ്യാജ ബില്ലുകളും മറ്റും ഉപയോഗിച്ച് വാങ്ങിയതിലൂടെ 1000 കോടി രൂപ ഖജനാവിന് നഷ്ടമായി എന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *