ദക്ഷിണകന്നടയെ ബിജെപി വര്‍ഗീയതയുടെ പരീക്ഷണശാലയാക്കുന്നു: യെച്ചൂരി

മംഗളൂരു: ദക്ഷിണകന്നടയെയും വര്‍ഗീയതക്കുള്ള പരീക്ഷണശാലയാക്കി ബിജെപി മാറ്റുകയാണെന്ന് സീതാറാം യെച്ചൂരി. ദക്ഷിണകന്നടയിലെ മൂഡബിദ്രിയില്‍ സിപിഐ എം കര്‍ണാടക സംസ്ഥാനസമ്മേളനത്തിനിടെ നടന്ന മാധ്യമ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി.

മരിച്ചവര്‍ ആരായാലും അവരെ തങ്ങള്‍ക്കൊപ്പം ചേര്‍ത്ത് വര്‍ഗീയത പടര്‍ത്തി സംഘര്‍ഷം നടത്തുന്ന ഡെഡ്‌ബോഡി പൊളിറ്റിക്‌സാണ് ബിജെപി നടത്തുന്നത്. മൌലീകാവകാശങ്ങളെ ഒരു ദാക്ഷിണ്യവുമില്ലാതെ ലംഘിക്കുകയാണ്. എല്ലാമേഖലയിലും ജനങ്ങളെ ഭിന്നിപ്പിക്കുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ ഇതിന് നേരിട്ട് വഴി കാട്ടുകയാണെന്നും അദേഹം പറഞ്ഞു.

സമരം ചെയ്യാനുള്ള അവകാശത്തിന് വേണ്ടി രാജ്യത്ത് പോരാട്ടം നടത്തേണ്ടി വരുന്ന അവസ്ഥയാണ്. പരമ്ബരാഗതമായി സമാധാനപരമായ സമരങ്ങള്‍ നടന്നിരുന്ന ഡല്‍ഹിയിലെ ജന്ദര്‍മന്ദിറിലും തെലുങ്കാനയിലെ ധര്‍ണാചൌക്കിലും സമരം ചെയ്യുന്നത് നിരോധിച്ചു. മോദി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സഭ കൂടാതെ ഭരണം നടത്തിയ ഗുജറാത്ത് മോഡലാണ് പാര്‍ലമെന്റിലും നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഇന്ത്യഅമേരിക്കഇസ്രയേല്‍ കൂട്ടുകെട്ട് അഭ്യന്തര രാഷ്ട്രീയത്തിനും അയല്‍ രാജ്യങ്ങളുമായുള്ള നല്ല ബന്ധത്തിനും മേലെ കരിനിഴല്‍ വീഴ്ത്തും.

പ്രത്യേക അജണ്ടവച്ചാണ് മുത്തലാഖ് നിയമം കൊണ്ടു വരാന്‍ ശ്രമിക്കുന്നത്. വിവാഹമെന്നത് രണ്ട് വ്യക്തികള്‍ തമ്മിലുള്ള സിവില്‍ കരാര്‍ ആണ്. അതിന് എങ്ങനെയാണ് ക്രിമിനല്‍ കുറ്റം കൊണ്ടു വരുന്നത്. ഭര്‍ത്താവിനെ മൂന്ന് വര്‍ഷം ജയിലില്‍ അടച്ചാല്‍ ഭാര്യയെ ആര് സംരക്ഷിക്കും. അയാളുടെ വ്യാപാരവും സ്വത്തും ആര് നോക്കി നടത്തും. ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ല. മുസഌം സമുദായത്തിലെ എന്നല്ല ഏത് സമുദായത്തിലെ പുരുഷന്മാരായാലും ഭാര്യയെ ഉപേക്ഷിക്കുന്നവര്‍ക്ക് സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം നല്‍കുന്ന രീതിയില്‍ നിയമമുണ്ടാകണം. ഇങ്ങനെ നിയമം വന്നാല്‍ ചിലര്‍ക്കൊക്കെ ബുദ്ധിമുട്ടാകുമെന്നും യെച്ചൂരി പറഞ്ഞു.

കേരള, തമിഴ്‌നാട്, തെലുങ്കാന, ആന്ധ്ര ഇവിടെങ്ങളിലെല്ലാം നടത്തിയ ശ്രമങ്ങളില്‍ അമ്‌ബേ പരാജയപ്പെട്ട ബിജെപി ഏത് വിധേനയും കര്‍ണാടകത്തില്‍ നേട്ടമുണ്ടാക്കി ദക്ഷ്യേണേന്ത്യയില്‍ വേരുന്നാന്‍ ശ്രമിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തോല്‍പ്പിച്ചാലും സര്‍ക്കാരുണ്ടാക്കുന്ന വിദ്യ ബിജെപിക്കറിയാം. ഗോവ,മണിപ്പൂര്‍, ബിഹാര്‍ എന്നിവിടങ്ങളില്‍ നമ്മള്‍ കണ്ടതാണിത്. ബിജെപിയെ തറപറ്റിക്കാന്‍ സമാന നയങ്ങള്‍ ഉള്ള രാഷ്ട്രീയ കക്ഷികള്‍ക്കൊപ്പം പൊതുജനങ്ങളും അണിചേരണമെന്നും യെച്ചൂരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *