ദില്ലി: ആധാര്‍ വിവരം പുറത്തു വില്‍ക്കുന്നുവെന്നുള്ള വാര്‍ത്തയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് ട്രിബ്യൂണ്‍ പത്രപ്രവര്‍ത്തക രചന ഖൈര. മഞ്ഞു മലയുടെ ഒരു ഭാഗമാണ് പുറത്തത്. കൂടുതല്‍ വിവരങ്ങള്‍ ഉഇടന്‍ പുറത്തു വിടുമെന്നും രചന ഖൈര പറഞ്ഞു. ദേശിയ മാധ്യമമായ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
”ആധാര്‍ വിവരങ്ങള്‍ ഏജന്റുമാര്‍ പുറത്തു വിടുന്നു” എന്നതിനെ കുറിച്ചു തങ്ങളുടെ മാധ്യമം നടത്തിയ അന്വേഷണം അവസാന ഘട്ടത്തിലാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരം പുറത്തു വിടുമെന്നും ഇവര്‍ പറഞ്ഞു. അന്വേഷണത്തിലൂടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് തനിയ്ക്ക് ലഭിച്ചത്. അത് പുറം ലോകത്തെ അറിയിച്ചതിന് തനിയ്ക്ക് കിട്ടിയത് ഒരു എഫ്‌ഐആര്‍ ആണ്. എന്നാലും തന്റെ റിപ്പോട്ടിന്റെ ഫലമായി യുഐഡിഎഐ നടപടി സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്നും രചന വ്യക്തമാക്കി. ആധാര്‍ വിവരം സൂക്ഷിക്കുന്നതില്‍ കേന്ദ്രം ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.
ആധാര്‍ വിവരം ആര്‍ക്കും ചോര്‍ത്താനാവില്ലെന്നുള്ള യുഐഡിഎഐയുടെ അവകാശവാദത്തെ പൊളിച്ചു കൊണ്ട് ആധാര്‍ വിവരങ്ങള്‍ അജ്ഞാത ഏജന്റുമാര്‍ക്ക് വില്‍ക്കുന്നുവെന്നുള്ള വാര്‍ത്ത ആദ്യമായി പുറത്തു വിട്ടത് ട്രിബ്യൂണ്‍ പത്രമാണ്. യുഐഡിഎഐ ഡെപ്യൂട്ടി ഡയറക്ടര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പത്രത്തിനും ലേഖിക രചന ഖൈരക്കുമെതിരെ ദില്ലി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവരെ കൂടാതെ റിപ്പോര്‍ട്ടില്‍ പരമാര്‍ശമുള്ള അനില്‍ കുമാര്‍, സുനില്‍ കുമാര്‍, രാജ് എന്നിവര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ആധാര്‍ വിവരങ്ങള്‍ 10 മിനിറ്റിനുള്ളില്‍ ചോര്‍ത്താമെന്നായിരുന്നു രചനയുടെ വാര്‍ത്ത. ഇവര്‍ക്കെതിരെ ആള്‍മാറാട്ടം, വഞ്ചന, കള്ള ഒപ്പിടുക, കൃത്രിമ രേഖയുണ്ടാക്കല്‍ , തെറ്റായ വിവരം പ്രചരിപ്പിക്കുന്നതിനെതിരെയുള്ള ഐടി നിയമപ്രകാരമുള്ള കുറ്റവും ചുമത്തിയിട്ടുണ്ട്. ആധാര്‍ നിയമപ്രകാരം മൂന്നു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തിയതായി ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മിഷണര്‍ അലോക് വര്‍മ പറഞ്ഞു.
പഞ്ചാബ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ പേടിഎം വഴി 500 രൂപ നല്‍കിയാല്‍ വ്യക്തികളുടെ ആധാര്‍ വിവരങ്ങളും 300 രൂപ കൂടി നല്‍കിയാല്‍ കാര്‍ഡ് പ്രിന്റ് ചെയ്യാന്‍ സഹായിക്കുന്ന സോഫ്റ്റ്‌വെയറുമടക്കം ലഭിക്കുമെന്നായിരുന്നു മാധ്യമത്തിലെ വാര്‍ത്ത. മാധ്യമപ്രവര്‍ത്തകക്കെതിരെ കേസെടുത്ത നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുളള പോലീസിന്റെ കടന്നുകയറ്റമാണെന്ന് എഡിറ്റേഴ്!സ് ഗില്‍ഡ് ഓഫ് ഇന്ത്യ പ്രതികരിച്ചു.
മാധ്യമത്തില്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്ന് മുന്‍ സി.ഐ.എ ഉദ്യോഗസ്ഥന്‍ എഡ്വേഡ് സ്‌നോഡന്‍ അടക്കമുള്ളവര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നിഷേധിച്ചിട്ടുണ്ട്. ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്നാണ് അധികൃതരുടെ വാദം.
