മലപ്പുറം: പ്രകൃതിചികിത്സക്ക് വിധേയയായ യുവതി പ്രസവത്തിനിടെ മരിച്ചു. മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ചയാണ് സംഭവം. വളവന്നൂര്‍ സ്വദേശിനിയായ 23കാരിയാണ് മരിച്ചത്. ഞായറാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രസവത്തിനിടെ രക്തസ്രാവം തുടങ്ങി ബി.പി നിലച്ചതോടെ ആശുപത്രിയിലെ അലോപ്പതി വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും രക്ഷപ്പെടുത്താനായില്ല. മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രകൃതിചികിത്സക്ക് ദീര്‍ഘനാളായി സൗകര്യം നല്‍കുന്നുണ്ട്. ഇവിടെയാണ് യുവതിയുടെ പ്രസവം നടന്നത്. കുഞ്ഞിന് കുഴപ്പമില്ല.
ചൊവ്വാഴ്ച ജില്ല മെഡിക്കല്‍ ഓഫിസില്‍ വിവരം ലഭിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ബുധനാഴ്ച ജില്ല മെഡിക്കല്‍ ഓഫിസില്‍നിന്നുള്ള സംഘം ആശുപത്രിയില്‍ പരിശോധന നടത്തി വിവരങ്ങള്‍ ശേഖരിച്ചു. റിപ്പോര്‍ട്ട് കലക്ടര്‍ക്ക് കൈമാറും. ഡെപ്യൂട്ടി ഡി.എം.ഒമാരായ അഹമ്മദ് അഫ്‌സല്‍, കെ.വി. പ്രകാശ്, ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. ആര്‍. രേണുക, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഭാസ്‌കര്‍ എന്നിവരാണ് ആശുപത്രിയിലെത്തിയത്.
2016 ഒക്ടോബറില്‍ കോട്ടക്കലിനടുത്ത് പ്രകൃതിചികിത്സാലയത്തില്‍ വാട്ടര്‍ബര്‍ത്തിനിടെ കുഞ്ഞ് മരിച്ചിരുന്നു. പ്രസവത്തിനിടെ അമിത രക്തസ്രാവമുണ്ടാകുകയും അമ്മയും കുഞ്ഞും ഗുരുതരാവസ്ഥയില്‍ എത്തുകയുമായിരുന്നു. തുടര്‍ന്ന്, ചികിത്സകനെതിരെ കേസെടുക്കുകയും കേന്ദ്രം അടച്ചിടുകയും ചെയ്തു. ഇതേ വ്യക്തിയാണ് മഞ്ചേരിയിലും യുവതിയെ പ്രകൃതിചികിത്സക്ക് വിധേയമാക്കിയത്.
