ആലപ്പുഴ: ഒടുവില്‍ കാത്തിരിപ്പിന് വിട, നാലു ദിവസത്തിന് ശേഷം വീട്ടമ്മയുടെ കബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. ഹരിപ്പാട് തൃക്കുന്നപ്പുഴ സ്വദേശി ഷക്കീല(33)യുടെ മൃതദേഹമാണ് കഴിഞ്ഞദിവസം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. പോലീസ് സര്‍ജന്‍ സക്കറിയയുടെ നേതൃത്വത്തില്‍ പള്ളിവളപ്പില്‍ വച്ചായിരുന്നു പോസ്റ്റ്‌മോര്‍ട്ടം.
ദിവസങ്ങള്‍ നീണ്ട തര്‍ക്കത്തിനൊടുവില്‍ കഴിഞ്ഞദിവസമാണ് മഹല്ല് ഭാരവാഹികള്‍ മൃതദേഹം പുറത്തെടുക്കാന്‍ അനുമതി നല്‍കിയത്. രമേശ് ചെന്നിത്തല അടക്കമുള്ള ജനപ്രതിനിധികള്‍ മതപണ്ഢിതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പള്ളിക്കമ്മിറ്റി, മഹല്ല് ഭാരവാഹികള്‍ നിലപാട് മയപ്പെടുത്തിയത്.
മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തതോടെ പോലീസ് ഉദ്യോഗസ്ഥരുടെ നാല് ദിവസത്തെ കാത്തിരിപ്പിനാണ് വിരാമമായത്. ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും മതപണ്ഡിതരുമായി നടത്തിയ ചര്‍ച്ചയിലായിരുന്നു തര്‍ക്കത്തിന് പരിഹാരം കണ്ടത്. പ്രശ്‌നത്തിന്റെ ഗൗരവം ബോദ്ധ്യപ്പെട്ടതോടെ പള്ളിക്കമ്മിറ്റി ഭാരവാഹികള്‍ നിലപാട് മയപ്പെടുത്തി.
കബറടക്കിയ മൃതദേഹം പുറത്തെടുക്കുന്നതിന് മതപരമായ വിലക്കില്ലെന്ന് പണ്ഡിതര്‍ മഹല്ല് കമ്മിറ്റി യോഗത്തില്‍ വ്യക്തമാക്കി. ഇതോടെ മഹല്ല് കമ്മിറ്റി ഭാരവാഹികളുടെയും നാട്ടുകാരുടെയും എതിര്‍പ്പ് മാറി. എന്നാല്‍ പോലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോമിട്ട് ഒരുകാരണവശാലും പള്ളിവളപ്പില്‍ പ്രവേശിക്കരുതെന്ന് മഹല്ല് കമ്മിറ്റി ശാഠ്യംപിടിച്ചു.
മഹല്ല് കമ്മിറ്റിയുടെ ആവശ്യം അംഗീകരിച്ച പോലീസ് ഉദ്യോഗസ്ഥര്‍ സാധാരണ വേഷത്തിലാണ് പള്ളിവളപ്പിലേക്ക് പ്രവേശിച്ചത്. തുടര്‍ന്ന് പള്ളിവളപ്പില്‍ കബറടക്കിയ ഷക്കീലയുടെ മൃതദേഹം പുറത്തെടുത്തു പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. പോലീസ് സര്‍ജന്‍ സക്കറിയയുടെ നേതൃത്വത്തില്‍ മൂന്നു മണിക്കൂര്‍ കൊണ്ടാണ് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായത്.
പിന്നീട് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം തിരികെ കബറിടത്തിലേക്ക് വച്ചു. കായംകുളം ഡിവൈഎസ്പി ബിനു, ആര്‍ഡിഒ ഹരികുമാര്‍ തുടങ്ങിയ ഉദ്യോഗസ്ഥരും, മഹല്ല് കമ്മിറ്റി ഭാരവാഹികളും സ്ഥലത്തുണ്ടായിരുന്നു.
ജനുവരി ആറാം തീയതിയാണ് തൃക്കുന്നപ്പുഴ സ്വദേശി ഇര്‍ഷാദിന്റെ ഭാര്യ ഷക്കീലയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവുമായി സ്വരചേര്‍ച്ചയിലല്ലായിരുന്ന ഷക്കീല കുറേനാളുകളായി സ്വന്തം വീട്ടിലായിരുന്നു താമസം. ഇതിനാല്‍ ഷക്കീലയുടെ ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.
എന്നാല്‍ ഷക്കീലയുടെ മരണം ആത്മഹത്യ ആയിരുന്നിട്ടും ബന്ധുക്കളാരും പോലീസില്‍ വിവരമറിയിച്ചിരുന്നില്ല. മൃതദേഹം ആശുപത്രിയിലേക്കും കൊണ്ടുപോയില്ല. തുടര്‍ന്ന് ജനുവരി ആറിന് തന്നെ മൃതദേഹം കബറടക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
കബറടക്കത്തിനുള്ള ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെയാണ് തൃക്കുന്നപ്പുഴ പോലീസിന് സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്. ഉടന്‍തന്നെ പോലീസ് ഉദ്യോഗസ്ഥരും ചെങ്ങന്നൂര്‍ ആര്‍ഡിഒയും ഷക്കീലയുടെ വീട്ടിലെത്തി. തുടര്‍ന്ന് അസ്വാഭാവിക മരണമായതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തശേഷം മാത്രമേ കബറടക്കം നടത്താവൂ എന്ന് ബന്ധുക്കളോടും പള്ളിക്കമ്മിറ്റി ഭാരവാഹികളോടും ആവശ്യപ്പെട്ടു.
എന്നാല്‍ മരണത്തില്‍ ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ട ആവശ്യമില്ലെന്നായിരുന്നു ബന്ധുക്കളുടെ നിലപാട്. മൃതദേഹം കുളിപ്പിച്ച് കബറടക്കാനുള്ള ചടങ്ങുകള്‍ പൂര്‍ത്തിയായതിനാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് വിട്ടുനല്‍കാനാവില്ലെന്നും ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു.
ബന്ധുക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ആര്‍ഡിഒ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വിട്ടുകൊടുത്തു. ഇതിനുപിന്നാലെ സമീപത്തെ പള്ളിയില്‍ മൃതദേഹം കബറടക്കുകയും ചെയ്തു.
