തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ശുഷ്‌കമായ നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ നടത്തിയതെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രവര്‍ത്തിക്കാത്ത സര്‍ക്കാരായതു കൊണ്ടാകാം പുതിയ പദ്ധതികള്‍ നയപ്രഖ്യാപനത്തില്‍ പ്രഖ്യാപിക്കാത്തതെന്നും ചെന്നിത്തല പരിഹസിച്ചു.
ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന്റെ കാര്യത്തില്‍ ഗവര്‍ണറെ കൊണ്ട് സര്‍ക്കാര്‍ കള്ളം പറയിക്കുകയാണ് ചെയ്തത്. ക്രമസമാധാനത്തിന്റെ കാര്യത്തില്‍ ഗവര്‍ണറെ കൊണ്ട് സ്വന്തം അഭിപ്രായം തന്നെ മാറ്റിപ്പറയിപ്പിക്കുകയും ചെയ്തുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
കേരളത്തിന്റെ സമഗ്രപുരോഗതി ഉറപ്പാക്കാന്‍ നയപ്രഖ്യാപനത്തില്‍ ഒരു പദ്ധതിയുമില്ലെന്നും ഒരു നയവും പുതുതായി പ്രഖ്യാപിച്ചിട്ടില്ലെന്നും പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍ പറഞ്ഞു. ആര്‍ക്കും ഒന്നും കൊടുക്കാനില്ലാത്ത ട്രഷറി എന്തിന് കംപ്യൂട്ടറൈസ് ചെയ്യണമെന്നും അദ്ദേഹം ചോദിച്ചു.
