ലാലുപ്രസാദ് യാദവിന് അഞ്ചുവര്‍ഷം തടവുശിക്ഷ

റാഞ്ചി കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്നാം കേസില്‍ ലാലുപ്രസാദ് യാദവിന് കോടതി അഞ്ചുവര്‍ഷം തടവുശിക്ഷ വിധിച്ചു. ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു കുറ്റക്കാരനാണെന്ന് കോടതി രാവിലെ കണ്ടെത്തിയിരുന്നു. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയും കേസില്‍ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയിട്ടുണ്ട്.

ആദ്യ രണ്ടു കേസുകളില്‍ ലാലു കുറ്റക്കാരനെന്നു കണ്ട് ശിക്ഷ വിധിച്ചിരുന്നു. രണ്ടാമത്തെ കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന ലാലുവിന്റെ ജാമ്യാപേക്ഷ ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. 199294 കാലയളവില്‍ വ്യാജരേഖകള്‍ നല്‍കി ചയിബസ ട്രഷറിയില്‍ നിന്നു 37.63 കോടി രൂപ പിന്‍വലിച്ചതായാണു കേസ്.

ഡിയോഹര്‍ ട്രഷറില്‍നിന്ന് 82.42 ലക്ഷം രൂപ പിന്‍വലിച്ച കേസില്‍ മൂന്നരവര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ടു ബിര്‍സമുണ്ട ജയിലിലാണു ലാലുവും കൂട്ടരും. 900 കോടിയോളം രൂപയുടെ തട്ടിപ്പുനടന്ന കാലിത്തീറ്റ കുംഭകോണത്തിലെ ആറു കേസുകളിലാണു ലാലു പ്രതിയായിട്ടുള്ളത്. 2013 സെപ്റ്റംബര്‍ 30ന് ആദ്യ കേസില്‍ വിധി വന്നു. അഞ്ച് വര്‍ഷം തടവും 25 ലക്ഷം രൂപ പിഴയുമായിരുന്നു ശിക്ഷ. ഈ കേസില്‍ പിന്നീട് സുപ്രീംകോടതി ലാലുവിന് ജാമ്യം അനുവദിച്ചു. അന്നു രണ്ടു മാസത്തോളം ജയിലില്‍ കഴിയേണ്ടി വന്നു.

Leave a Reply

Your email address will not be published. Required fields are marked *