സോളാര്‍ റിപ്പോര്‍ട്ട്: തിരുവഞ്ചൂരിന്റെ ഹരജി ഫയലില്‍ സ്വീകരിച്ചു

കൊച്ചി: സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ടിലെ തനിക്കെതിരായ പരാമര്‍ശം നീക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സമര്‍പ്പിച്ച ഹരജി ഹൈകോടതി ഫയലില്‍ സ്വീകരിച്ചു. കമീഷന്‍ റിപ്പോര്‍ട്ടിലെ തനിക്കെതിരായ പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരവും അടിസ്ഥാനരഹിതവുമാണെന്നും ഇത്തരം പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നുമാണ് തിരുവഞ്ചൂര്‍ ഹരിജിയില്‍ ചൂണ്ടിക്കാട്ടിയത്. അതേസമയം, സംസ്ഥാന സര്‍ക്കാര്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ രണ്ടാഴ്ച സമയം ചോദിച്ച സാഹചര്യത്തില്‍ കേസ് പരിഗണിക്കുന്നത് 19ലേക്ക് മാറ്റി.

കേസില്‍ കക്ഷി ചേരാനുള്ള ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്റെയും ജോണ്‍ ജോസഫിന്റെയും ഹരജികളില്‍ ഹൈകോടതി പിന്നീടു തീരുമാനമെടുക്കും. കെ. സുരേന്ദ്രനെയും ലോയേഴ്‌സ് യൂണിയനെയും കേസില്‍ കക്ഷി ചേര്‍ക്കാമെന്ന് സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഹാജരായ സീനിയര്‍ പ്ലീഡര്‍ കോടതിയില്‍ വാദിച്ചു.

സോളാര്‍ റിപ്പോര്‍ട്ട് സംബന്ധിച്ച്? മുഖ്യമന്ത്രി പിണറായി വിജയന്റെ പത്രക്കുറിപ്പും അപകീര്‍ത്തികരമാണ്. പ്രത്യേക സംഘത്തിന്റെ അന്വേഷണം നിയമ വിരുദ്ധമാണ്. ഇത് ജീവിക്കാനുള്ള അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും തിരുവഞ്ചൂര്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹരജിയില്‍ ചീഫ് സെക്രട്ടറിയും ആഭ്യന്തര വകുപ്പ് അഡീഷനല്‍ സെക്രട്ടറിയുമാണ് എതിര്‍ കക്ഷികള്‍.

സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടും തുടര്‍ നടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഹരജിയും ഹൈകോടതിയുടെ പരിഗണനയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *