ഉച്ചഭാഷിണി വഴി ബാങ്ക് വിളിക്കുന്നതിനെതിരെ ജാവേദ് അക്തര്‍

മുംബയ്: പള്ളികളില്‍ നിന്ന് ഉച്ചഭാഷിണി വഴി ബാങ്ക് വിളിക്കുന്നതിനെതിരെ എതിര്‍പ്പുമായി പ്രമുഖ ഗാനരചയിതാവ് ജാവേദ് അക്തര്‍ രംഗത്ത്. ജനങ്ങള്‍ തിങ്ങിനിറഞ്ഞ് താമസിക്കുന്ന മേഖലകളില്‍ പള്ളികള്‍ ഉള്‍പ്പെടെയുള്ള ആരാധാലയങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിലുള്ള വിയോജിപ്പാണ് ജാവേദ് അക്തര്‍ ട്വിറ്ററിലൂടെ അറിയിച്ചത്. ജനവാസ പ്രദേശങ്ങളിലും പള്ളികളിലും ആരാധനാലയങ്ങളിലും ലൗഡ് സ്പീക്കറുകള്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന് ആഗ്രഹിക്കുന്ന സോനു നിഗം ഉള്‍പ്പെടെയുള്ള എല്ലാവരുമായും താന്‍ യോജിക്കുന്നു എന്നായിരുന്നു ജാവേദിന്റെ ട്വീറ്റ്.

അതേസമയം ജാവേദിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. തെറ്റായ എന്തിനുമെതിരെയും ഞാന്‍ ശബ്ദമുയര്‍ത്തും നിങ്ങളുടെ പ്രശ്നം എന്താണെന്നാല്‍ നിങ്ങള്‍ മറ്റുള്ളവരുടെ കുറ്റം മാത്രമേ കാണൂ. സ്വന്തം കുറ്റം മനസിലാക്കില്ല എന്നായിരുന്നു വിമര്‍ശനങ്ങള്‍ക്ക് അദ്ദേഹത്തിെന്റ മറുപടി ട്വീറ്റ്.

ആരാധാനാലയങ്ങളില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്ന രീതിയെ വിമര്‍ശിച്ച്‌ ബോളിവുഡ് ഗായകന്‍ സോനു നിഗം നേരത്തെ രംഗത്തെത്തിയിരുന്നു. മുസ്ലിം അല്ലാതിരുന്നിട്ടുകൂടി ബാങ്ക് വിളിയുടെ ശബ്ദം കേട്ട് ഉണരേണ്ടി വരുന്നുവെന്നാണ് സോനു നിഗം ട്വീറ്റ് ചെയ്തിരുന്നത്. ഇത് വഴി മതവിശ്വാസം അടിച്ചേല്‍പ്പിക്കലാണെന്നും സോനു നിഗം അഭിപ്രായപ്പെട്ടിരുന്നു.

പള്ളികളെ കൂടാതെ ക്ഷേത്രങ്ങളിലും ഗുരുദ്വാരകളിലും ഉച്ചഭാഷിണി ഉപയോഗിക്കുന്നത് ഗുണ്ടായിസമാണെന്നും ഇത്തരം പ്രാര്‍ത്ഥനകളും ഭക്തിഗാനങ്ങളും കേള്‍പ്പിച്ച്‌ മതവിശ്വാസികളല്ലാത്തവരെപ്പോലും വിളിച്ചുണര്‍ത്തുന്നതില്‍ യാതൊവു വിശ്വാസവും ഇല്ലെന്നും നിഗം വ്യക്തമാക്കി. സോനു നിഗത്തിന്റെ ട്വീറ്റിനെതിരെ ചലച്ചിത്ര, പൊതു രംഗങ്ങളില്‍ ഉള്ളവരും ആരാധകരും രംഗത്ത് വന്നിരുന്നു. മറ്റു മതങ്ങളുടെ വിശ്വാസങ്ങളെക്കൂടി നമ്മള്‍ മാനിക്കേണ്ടതുണ്ടെന്ന് ഗായകന്റെ അഭിപ്രായത്തെ എതിര്‍ത്തവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *