തീവ്രവാദം പാകിസ്താന്‍ തടഞ്ഞില്ലെങ്കില്‍ ഇന്ത്യക്ക് മുന്നില്‍ യുദ്ധമല്ലാതെ മറ്റ് വഴിയില്ല: ഫറൂഖ് അബ്ദുള്ള

ലുധിയാന: അതിര്‍ത്തി സംഘര്‍ഷങ്ങളില്‍ പാകിസ്താന് മുന്നറിയിപ്പുമായി ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റുമായ ഫറൂഖ് അബ്ദുള്ള. നിയന്ത്രണ രേഖയില്‍ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് പാകിസ്താന്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഇന്ത്യക്ക് യുദ്ധമല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് ഫറൂഖ് പറഞ്ഞു.

ഇന്ത്യയുമായുള്ള സഖ്യം തുടരണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പാകിസ്താന്‍ തീവ്രവാദം ഉപേക്ഷിക്കാന്‍ തയ്യാറാകണമെന്നും വാര്‍ത്താ ഏജന്‍സിക്കനുവദിച്ച അഭിമുഖത്തില്‍ ഫറൂഖ് വ്യക്തമാക്കി. ഇന്ത്യയ്ക്ക് നേരെ ഭീകരാക്രമണം നടത്താത്ത ഒരു ദിവസം പോലുമില്ല. ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തീവ്രവാദത്തിന്റെ പാത പാകിസ്താന്‍ അവസാനിപ്പിക്കണം. അല്ലെങ്കില്‍ ഇന്ത്യക്ക് മുന്നില്‍ മറ്റ് മാര്‍ഗങ്ങള്‍ ഒന്നുമില്ല. അങ്ങനെ ഒരു യുദ്ധമുണ്ടായാല്‍ ഇരുരാജ്യങ്ങള്‍ക്കും നാശനഷ്ടം ഉണ്ടാകും. അതുകൊണ്ടുതന്നെ തീവ്രവാദം ഉപേക്ഷിച്ച് സംഭാഷണത്തിന് പാകിസ്താന്‍ തയ്യാറാകണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇരുരാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കുക എന്നതാണ് എല്ലാത്തിനുമുള്ള പരിഹാരമെന്നും മുന്‍ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കശ്മീരില്‍ സുജ്വാന്‍ സൈനിക ക്യാംപിന് നേരെ ഇന്ന് പുലര്‍ച്ചയോടെ നടന്ന ഭീകരാക്രമണത്തില്‍ ഒരു ജവാന്‍ കൊല്ലപ്പെടുകയും മൂന്ന് ജവാന്മാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് പ്രതികരണവുമായി ഫറൂഖ് അബ്ദുള്ള രംഗത്തെത്തിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ നാല് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *