നന്നായി കളിച്ചപ്പോഴും തഴയപ്പെട്ടതില്‍ വിഷമം തോന്നി; സുരേഷ് റെയ്‌ന

ദില്ലി: മികച്ച പ്രകടനം നടത്തുമ്പോള്‍ വിഷമം തോന്നിയെന്ന് ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. ദേശീയ മാധ്യമത്തിനനുവദിച്ച അഭിമുഖത്തിലാണ് താരം മനസ്സുതുറന്നത്. നന്നായി കളിച്ചപ്പോഴും ദേശീയ ടീമില്‍ നിന്ന് തഴയപ്പെട്ടതില്‍ വിഷമം തോന്നിയിരുന്നു. പക്ഷെ ഇപ്പോള്‍ അതെല്ലാം മാറി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വരാനിരിക്കുന്ന ട്വന്റി20 മാത്രമാണ് മുന്നില്‍, താരം വ്യക്തമാക്കി.

കഴിഞ്ഞ ഒരോ നാളുകളിലും കഠിനമായി പരിശീലനം നടത്തുകയായിരുന്നു. ഇത് ഇവിടെ വെച്ച് അവസാനിക്കുന്നതല്ല. ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ കഴിയുന്നിടത്തോളം കളിക്കണം. 2019 ലോകകപ്പില്‍ എനിക്ക് കളത്തിലിറങ്ങണം, കാരണം ഇംഗ്ലണ്ടില്‍ നന്നായി കളിച്ചെന്ന് എനിക്കറിയാം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്ന് തന്നെയാണ് വിശ്വാസം. താരം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയ്ക്കുവേണ്ടി 223 ഏകദിനങ്ങളിലും 65 ട്വന്റി20 യിലും ഈ മുപ്പത്തൊന്നുകാരന്‍ കളിച്ചിട്ടുണ്ട്.

ശരിയാണ് എനിക്ക് 31 വയസ്സുണ്ട്. എന്നാല്‍ എല്ലാവരും പറയുന്നതുപോലെ പ്രായം വെറും സംഖ്യ മാത്രമാണ്. എല്ലാ മത്സരത്തിനിറങ്ങുമ്‌ബോഴും ആദ്യമായി കളത്തിലിറങ്ങുന്ന അനുഭൂതിയാണ്, റെയ്‌ന കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ബംഗളുരുവില്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു റെയ്‌ന അവസാന ട്വന്റി20 കളിച്ചത്. അന്ന് ഫൈനലില്‍ 63 റണ്‍സും അദ്ദേഹം നേടി. ഇക്കാലയളവില്‍ മുഴുവന്‍ എന്റെ കുടുംബമാണ് എന്റെ കരുത്ത്. കുറെ ആഭ്യന്തര മത്സരങ്ങള്‍ ഞാന്‍ ഈ സമയത്ത് കളിച്ചു. ദേശീയ ടീമില്‍ കളിക്കുക എന്നത് തന്നെയാണ് ലക്ഷ്യം. എന്റെ കരിയറില്‍ മുഴുവന്‍ ഞാന്‍ ഫിറ്റ്‌നസ് കാത്തുസൂക്ഷിച്ചിട്ടുണ്ട്. തുടര്‍ന്നും കഠിന പ്രയത്‌നം തുടരും, റെയ്‌ന കൂട്ടിച്ചേര്‍ത്തു.

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇടങ്കയ്യന്‍ ബാറ്റ്‌സ്മാനും ഓഫ് സ്പിന്‍ ബോളറുമായ സുരേഷ് റെയ്‌ന ദേശീയ ടീമില്‍ തിരിച്ചെത്തിയത്. ആഭ്യന്തര ക്രിക്കറ്റില്‍ ഉത്തര്‍പ്രദേശിനുവേണ്ടി കാഴ്ചവെച്ച മികച്ച പ്രകടനമാണ് റെയ്‌നയുടെ തിരിച്ചുവരവിന് വഴിവെച്ചത്. പുറത്താകാതെ 49 പന്തില്‍ 126 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഫെബ്രുവരി 18 ന് ജൊഹാനസ്ബര്‍ഗിലാണ് മൂന്ന് മത്സരങ്ങളുടെ ട്വന്റി20 പരമ്ബര ആരംഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *