ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്ബോള്‍ കളിക്കാരനിലൊരാളായ വിപി സത്യന്റെ ജീവിത കഥ പറഞ്ഞ ക്യാപ്റ്റനെ അഭിനന്ദിച്ച് ഐഎം വിജയന്. വിപി സത്യനൊപ്പം ഇന്ത്യക്ക് വേണ്ടി ബൂട്ട് കെട്ടിയിട്ടുള്ള ഫുട്ബോള്‍ താരമാണ് ഐഎം വിജയന്. ക്യാപ്റ്റനിലൂടെ വിപി സത്യന് തങ്ങള്‍ക്ക് മുന്നില്‍ വീണ്ടും അവതരിച്ചുവെന്ന് വിജയന് പറയുന്നു.
വിപി സത്യനായി വെള്ളിത്തിരയില്‍ എത്തിയ ജയസൂര്യയേയും ഐഎം വിജയന് അഭിനന്ദിച്ചു. വിപി സത്യനായി വെള്ളിത്തിരയിലെത്താന്‍ ജയസൂര്യ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും ജയസൂര്യ സത്യനായി അഭിനയിക്കുകയായിരുന്നില്ലെന്നും മറിച്ച് ജീവിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് വിജയന്റെ പ്രതികരണം.
ക്യാപ്റ്റന്‍ മികച്ച പ്രതികരണത്തോടെ തിയേറ്ററുകളില്‍ മുന്നേറുകയാണ്. ജയസൂര്യയുടെ കരിയറിലെ ആദ്യത്തെ ബിഗ്ബജറ്റ് ചിത്രമെന്ന പ്രത്യേകതയും ക്യാപ്റ്റനുണ്ട്. കേരളം കണ്ട പ്രതിഭാശാലിയായ ഫുട്ബോള്‍ താരമായി ജയസൂര്യ എത്തിയത് പ്രേക്ഷകര്‍ സ്വീകരിച്ചുവെന്നാണ് ആദ്യ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.
ഗുഡ്വില് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ടിഎല്‍ ജോര്‍ജ്ജാണ് ക്യാപ്റ്റന്‍ നിര്‍മ്മിക്കുന്നത്. ജയസൂര്യയ്ക്ക് പുറമെ രഞ്ജി പണിക്കര്‍, അനു സിത്താര, സിദ്ദിഖ്, സൈജു കുറുപ്പ്, ലക്ഷ്മി ശര്‍മ്മ എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഗോപീ സുന്ദറിന്റേതാണ് സംഗീതം. ആട് 2ന് ശേഷം തിയേറ്ററിലെത്തുന്ന ജയസൂര്യ ചിത്രം എന്ന നിലയില്‍ താരത്തിന്റെ ആരാധകരും ഏറെ പ്രതീക്ഷയിലാണ്.
