ഡല്‍ഹി ചീഫ് സെക്രട്ടറിയെ മര്‍ദ്ദിച്ചെന്ന പരാതി: കേന്ദ്ര ആഭ്യന്തരമന്ത്രി റിപ്പോര്‍ട്ടുതേടി

ന്യൂഡല്‍ഹി: ഡല്‍ഹി ചീഫ് സെക്രട്ടറിയെ ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാര്‍ മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്ന ആരോപണത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ അതീവ ദുഃഖമുണ്ടെന്നും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ഭയമായും ആത്മാഭിമാനത്തോടെയും ജോലിചെയ്യാന്‍ അവസരം ഉണ്ടാവേണ്ടതാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറോടാണ് സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുള്ളത്.

ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പ്രതിനിധി സംഘം സന്ദര്‍ശിച്ചിരുന്നുവെന്നും നീതി നടപ്പാവുകതന്നെ ചെയ്യുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍വച്ച്‌ ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാര്‍ മര്‍ദ്ദിച്ചുവെന്നും അധിക്ഷേപിച്ചുവെന്നുമാണ് ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശ് ആരോപിച്ചിട്ടുള്ളത്.

കെജ്രിവാളിന്റെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെയും സാന്നിധ്യത്തിലായിരുന്നു മര്‍ദനമെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാല്‍, ചീഫ് സെക്രട്ടറിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് കെജ്രിവാള്‍ പ്രതികരിച്ചു. സംഭവത്തിനുശേഷം ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശ് ലഫ്റ്റനന്റ് ഗവര്‍ണറെ സന്ദര്‍ശിച്ച്‌ രാത്രിതന്നെ വിവരങ്ങള്‍ ധരിപ്പിച്ചിരുന്നു. ഐ.എ.എസ് ഓഫീസേഴ്സ് അസോസിയേഷനും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *