കണ്ണൂര്‍ സമാധാന യോഗം യു.ഡി.എഫ് ബഹിഷ്‌കരിച്ചു

കണ്ണൂര്‍: ഷുഹൈബ് വധത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ വിളിച്ചു ചേര്‍ത്ത സമാധാന യോഗത്തില്‍ ജില്ലയിലെ എം.എല്‍.എമാരായ ജനപ്രതിനിധികളെ ക്ഷണിക്കാത്തതിനെ തുടര്‍ന്ന് യു.ഡി.എഫ് നേതാക്കള്‍ യോഗം ബഹിഷ്‌കരിച്ചു. മന്ത്രി എ.കെ ബാലന്റെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത യോഗ നടപടികള്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ പ്രതിഷേധവുമായി യു.ഡി.എഫ് നേതാക്കള്‍ രംഗത്തു വന്നു. സി.പി.എം പ്രതിനിധിയായി സമാധാന യോഗത്തില്‍ പങ്കെടുക്കാന്‍ വന്ന രാജ്യസഭാ എം.പി കെ.കെ രാഗേഷിനെ പ്രോട്ടോകോള്‍ പ്രകാരം വേദിയിലിരുത്തിയതും യു.ഡി.എഫ് നേതാക്കളെ ചൊടിപ്പിച്ചു.

ക്ഷണം പ്രതീക്ഷിച്ച് യോഗവേദിക്ക് പുറത്ത് നിന്ന യു.ഡി.എഫ് എം.എല്‍.എമാരായ കെ.സി ജോസഫ്, കെ.എം ഷാജി, സണ്ണി ജോസഫ് എന്നിവര്‍ ഹാളിലേക്ക് കയറി നടപടിയെ ചോദ്യം ചെയ്തു. ഇത് സര്‍വകക്ഷി യോഗമാണെന്നും ജനപ്രതിനിധികളുടെ യോഗം പിന്നീട് ചേരുമെന്നും അധ്യക്ഷനായ മന്ത്രി ബാലന്‍ വിശദീകരിച്ചു. എം.പിയായതിനാലാണ് രാഗേഷിനെ വേദിയിലിരുത്തിയതെന്നും പ്രശ്‌നമുണ്ടാക്കരുതെന്നും മന്ത്രി അഭ്യര്‍ഥിച്ചു. എന്നാല്‍, രാഗേഷിനെ വേദിയിലിരുത്താന്‍ അനുവദിക്കില്ലെന്ന വാദത്തില്‍ യു.ഡി.എഫ് ഉറച്ച് നിന്നു. തുടര്‍ന്ന് രാഗേഷ് വേദിയില്‍ നിന്ന് പാര്‍ട്ടി പ്രതിനിധികള്‍ക്കൊപ്പം മാറിയിരുന്നെങ്കിലും യു.ഡി.എഫ് പ്രതിഷേധവുമായി മുന്നോട്ട് പോയി.

ജനപ്രതിനിധികളെ ക്ഷണിക്കാതിരുന്നത് യോഗത്തിന്റെ ഉദ്ദേശശുദ്ധിയില്‍ സംശയം ജനിപ്പിക്കുന്നതാണെന്നും യു.ഡി.എഫ് നേതാക്കളായ കെ.സി ജോസഫ്, കെ.എം ഷാജി, സണ്ണി ജോസഫ് എന്നിവര്‍ ആരോപിക്കുകയും യു.ഡി.എഫ് യോഗം ബഹിഷ്‌കരിക്കുകയും ചെയ്തു. എന്നാല്‍, യു.ഡി.എഫിന്റേത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ നാടകമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ആരോപിച്ചു. അവര്‍ക്ക് ആത്മാര്‍ഥതയുണ്ടെങ്കില്‍ യോഗത്തിന് ശേഷമാണ് പ്രതിഷേധിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യു.ഡി.എഫിന്റെ അഭാവത്തില്‍ ബി.ജെ.പി അടക്കമുള്ള പാര്‍ട്ടികളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി സര്‍വകക്ഷിയോഗം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *