ബെര്‍ബയുടെ ആരോപണം തള്ളി; ഡേവിഡ് ജെയിംസ് മൂന്ന് വര്‍ഷം കൂടി ബ്ലാസ്റ്റേഴ്സില്‍ തന്നെ

കോഴിക്കോട്: ടീമിന് ഐ.എസ്.എല്ലിന്റെ സെമിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് കോച്ച്‌ ഡേവിഡ് ജെയിംസിന്റെ കരാര്‍ നീട്ടിക്കൊടുത്തു. മൂന്ന് വര്‍ഷത്തെ കരാറിലാണ് ഇംഗ്ലണ്ടിന്റെ ദേശീയ ടീമിന്റെ ഗോള്‍കീപ്പറായിരുന്ന ജെയിംസുമായി ബ്ലാസ്റ്റേഴ്സ് ഒപ്പിടുന്നത്.

ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി എന്നിവയുടെ താരമായിരുന്നു ഡേവിഡ് ജെയിംസ് ഐ. എസ്. എല്ലിന്റെ ഒന്നാം സീസണിയ ഗോള്‍കീപ്പറുടെയും പരിശീലകന്റെയും ഇരട്ടവേഷം അണിഞ്ഞിരുന്നു.

പിന്നീട് ഈ വര്‍ഷം മധ്യത്തില്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് റെനെ മ്യൂലെന്‍സ്റ്റീന്‍ പരിശീലകസ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ബ്ലാസ്റ്റേഴ്സ് വീണ്ടും ഡേവിഡ് ജെയിംസിന്റെ സേവനം തേടിയത്. ജെയിംസ് എത്തിയശേഷമാണ് ബ്ലാസ്റ്റേഴ്സ് വീണ്ടും വിജയവഴിയിലെത്തിയത്.

എന്നാല്‍ 25 പോയിന്റുമായി ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനായ ടീമിന് ആദ്യത്തെ നാലില്‍ ഇടം നേടാനായില്ല. എന്നാല്‍, ഈ മാസം ആരംഭിക്കാനാനിരിക്കുന്ന സൂപ്പര്‍ കപ്പില്‍ ടീമിന് കളിക്കാനാവും. സൂപ്പര്‍ കപ്പിലെ ടീമിന്റെ മികച്ച പ്രകടനമാണ് താന്‍ ഇനി ലക്ഷ്യമിടുന്നതെന്ന് ഡേവിഡ് ജെയിംസ് പറഞ്ഞു.

ഇതിനിടെ ഡേവിഡ് ജെയിംസിനെതിരെ ഗുരുതരമായ ആരോപണവുമായി ടീമിംഗവും മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരവുമായ ബെര്‍ബറ്റോവ് രംഗത്തെത്തി. ജെയിംസിന് തന്ത്രങ്ങള്‍ ആവിഷ്കരിക്കാന്‍ അറിയില്ലെന്നാണ് ബെര്‍ബ കുറ്റപ്പെടുത്തിയത്. ഇതേ ആരോപണം ടീമിലെ മറ്റൊരു ഇംഗ്ലീഷ് താരമായ മൈക്കല്‍ ചോപ്രയും പരോക്ഷമായി ആവര്‍ത്തിച്ചു. ഇതിന് തൊട്ടു പിറകെയാണ് ടീം ജെയിംസിന്റെ കരാര്‍ നീട്ടിയ വാര്‍ത്ത പുറത്തുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *