വിഴിഞ്ഞം: കാലാവധി നീട്ടാന്‍ സര്‍ക്കാര്‍ അദാനിയുമായി ഒത്തുകളിക്കുന്നെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ കലാവധി നീട്ടാനും നഷ്ടപരിഹാരത്തില്‍ നിന്ന് അദാനിയെ ഒഴിവാക്കാനും സര്‍ക്കാര്‍ ഗൂഢനീക്കം നടത്തുന്നുവെന്ന് പ്രതിപക്ഷം. പദ്ധതി വൈകിപ്പിക്കാന്‍ അദാനിയും സര്‍ക്കാരും ഒത്തുകളിക്കുന്നുവെന്ന് എം വിന്‍സെന്റ് എംഎല്‍എ കുറ്റപ്പെടുത്തി. അതേസമയം, പദ്ധതി കരാറിനനുസരിച്ച് പൂര്‍ത്തീകരിക്കുമെന്നും വീഴ്ച വരുത്തിയാല്‍ അദാനി ഗ്രൂപ്പില്‍ നിന്ന് പിഴ ഈടാക്കുമെന്നും തുറമുഖമന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു.

വിഴിഞ്ഞം പദ്ധതി വൈകിപ്പിക്കാന്‍ സര്‍ക്കാരുമായി അദാനി ഒത്തുകളിക്കുന്നുവെന്ന് സംശയിക്കുന്നുതായാണ് പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞത്. സ്ഥലം എംഎല്‍എ എം വിന്‍സെന്റാണ് ആരോപണം ഉന്നയിച്ചത്. വിഴിഞ്ഞം പദ്ധതി അനന്തമായി നീളുന്നത് ചൂണ്ടിക്കാട്ടി അടിയന്തരപ്രമേയ നോട്ടീസ് നല്‍കി സംസാരിക്കുകയായിരുന്നു എംഎല്‍എ.

ലൈറ്റ് മെട്രോയില്‍ ഇ ശ്രീധരനെ ഓടിച്ചു വിട്ട പോലെ വിഴിഞ്ഞം പദ്ധതി വെള്ളത്തിലാക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. പുലിമുട്ട് നിര്‍മാണം 25% പോലും പൂര്‍ത്തിയായില്ല. ഭൂമി ഏറ്റെടുക്കലും പൂര്‍ത്തിയായില്ല. റിസോര്‍ട്ട് മാഫിയയയുടെ കൈയിലുള്ള ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. പ്രതിപക്ഷം കുറ്റപ്പെടുത്തി.

1,460 ദിവസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നതാണ് കരാറിലെ വ്യവസ്ഥയെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ വിശദീകരിച്ചു. 1,000 ദിവസം കൊണ്ട് പൂര്‍ത്തിയാക്കാമെന്ന് അദാനി പറഞ്ഞിരുന്നു. എന്നാല്‍ ഓഖിയുടെ പ്രത്യാഘാതം കാരണം ഇത് നടക്കില്ല. എന്നാലും കരാറനുസരിച്ച് തന്നെ പൂര്‍ത്തിക്കാന്‍ കഴിയും. പാറയുടെ പ്രശ്‌നത്തില്‍ സര്‍ക്കാരിന് ഇടപെടാന്‍ പരിമിതിയുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി കരാര്‍ കാലാവധി നീട്ടാനുള്ള ന്യായവാദങ്ങള്‍ അംഗീകരിക്കില്ലെന്നും വ്യക്തമാക്കിച

പ്രശ്‌നത്തെ സര്‍ക്കാര്‍ ലാഘവത്തോടെ സമീപിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങി പോയി.

Leave a Reply

Your email address will not be published. Required fields are marked *