തന്നെ ഏറ്റവുമധികം വേട്ടയാടിയത് രമേശ് ചെന്നിത്തലയെന്ന് ശോഭനാ ജോര്‍ജ്

ആലപ്പുഴ: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച്‌ മുന്‍ എം.എല്‍.എ ശോഭനാ ജോര്‍ജ്്. തന്നെ ഏറ്റവുമധികം വേട്ടയാടിയത് കെ.പി.സി.സി മുന്‍ അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയാണെന്ന് ശോഭനാ ജോര്‍ജ് ആരോപിച്ചു. വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശോഭനാ ജോര്‍ജ് ആരോപണം ഉന്നയിച്ചത്.

പാര്‍ട്ടിയില്‍ മടങ്ങി എത്തിയ ശേഷം രമേശ് തനിക്ക് അര്‍ഹമായ പരിഗണന നല്‍കിയില്ല. രമേശിന്റെ ലക്ഷ്യം താനോ ലീഡറോ ആരായിരുന്നെന്ന് അറിയില്ലെന്നും ശോഭനാ ജോര്‍ജ് പറഞ്ഞു. ചെങ്ങന്നൂര്‍ മുന്‍ എം.എല്‍.എ ആയിരുന്ന ശോഭനാ ജോര്‍ജ് അടുത്തിടെ പാര്‍ട്ടി വിട്ട് ഇടതുമുന്നണിയില്‍ ചേര്‍ന്നിരുന്നു. ചെങ്ങന്നൂരില്‍ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്ത ശോഭന ഇടതു സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കി.

കെ. കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് ഡി.ഐ.സി രൂപീകരിച്ചപ്പോള്‍ അദ്ദേഹത്തിനൊപ്പമായിരുന്നു ശോഭനാ ജോര്‍ജ്. പിന്നീട് കരുണാകരന്‍ കോണ്‍ഗ്രസില്‍ മടങ്ങിയെത്തിയപ്പോള്‍ ശോഭനയും കോണ്‍ഗ്രസില്‍ മടങ്ങിയെത്തി. എന്നാല്‍ മടങ്ങി എത്തിക്കഴിഞ്ഞ് ശോഭനാ ജോര്‍ജിന് പാര്‍ട്ടിയില്‍ കാര്യമായ പരിഗണന ലഭിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *