ന്യുഡല്‍ഹി: ബി.ജെ.പി സര്‍ക്കാരിനെതിരെ നിര്‍ണായക നീക്കവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഡല്‍ഹിയില്‍ എത്തി. പ്രതിപക്ഷ നേതാക്കളുമായി മമത സുപ്രധാന കൂടിക്കാഴ്ചകളും നിശ്ചയിച്ചിട്ടുണ്ട്. ഇന്നലെ രാത്രി ഡല്‍ഹിയില്‍ എത്തിയ മമത, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, എന്‍.സി.പി നേതാവ് ശരത് പവാറുമായി കൂടിക്കാഴ്ച നടത്തും. പവാര്‍ നടത്തുന്ന അത്താഴവിരുന്നില്‍ 11 പ്രതിപക്ഷ കക്ഷികളുടെ നേതാക്കള്‍ എത്തുന്നുണ്ട്. ജെ.ഡി.യു വിമത നേതാവ് ശരദ് യാദവ്, ടി.ഡി.പി നേതാക്കളുമായി മമത കൂടിക്കാഴ്ച നടത്തും.
എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ചയില്ല. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ നാളെ സന്ദര്‍ശിച്ചേക്കുമെന്ന് സൂചനയുണ്ട്. എന്നാല്‍ ഇതില്‍ രാഷ്ട്രീയമില്ലെന്നും സോണിയയുടെ ആരോഗ്യസ്ഥിതി അന്വേഷിച്ചുള്ള സ്വകാര്യ സന്ദര്‍ശനമാണിതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്കില്ലെന്ന് മമത വ്യക്തമാക്കി. കോണ്‍ഗ്രസ്, ബി.ജെ.പി ഇതര സര്‍ക്കാരെന്ന ടി.ഡി.പിയുടെ ആശയത്തിന് മമത പിന്തുണ നല്‍കിയിരുന്നു.
ഇന്ന് പാര്‍ലമെന്റ് മന്ദിരത്തിലും മമത എത്തുമെന്നാണ് റിപ്പോര്‍ട്ട്. മുന്‍ സഹപ്രവര്‍ത്തകരെയും മുതിര്‍ന്ന കക്ഷി നേതാക്കളെയും തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാരെയും മമത കാണും. ബി.ജെ.പിയെ പാര്‍ലമെന്റിനുള്ളിലും പുറത്തും ഒരുപോലെ എതിര്‍ക്കുന്ന നീക്കമാണ് മമത നടത്തുന്നത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഇതര കക്ഷികളുടെ മൂന്നാം മുന്നണി രൂപീകരിക്കുകയാണ് മമതയുടെ ലക്ഷ്യം. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവുമായി മമത നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.
