പൊതുപണിമുടക്ക് ഇന്ന് അര്‍ധരാത്രി തുടങ്ങും

തിരുവനന്തപുരം: സ്ഥിരംതൊഴില്‍ ഇല്ലാതാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ കേരളമാകെ തിങ്കളാഴ്ച പണിമുടക്കി പ്രതിഷേധിക്കും. ബിജെപി സര്‍ക്കാരിന്റെ കാടന്‍ തീരുമാനത്തിനെതിരായ ശക്തമായ പ്രതിഷേധം തൊഴിലാളികള്‍ ഒറ്റക്കെട്ടായി രേഖപ്പെടുത്തും. ഞായറാഴ്ച രാത്രി 12 മുതല്‍ തിങ്കളാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്.

തൊഴിലെടുക്കുന്ന എല്ലാവരും പ്രക്ഷോഭത്തിന്റെ ഭാഗമാകും. ബാങ്ക്, ഇന്‍ഷുറന്‍സ്, ബിഎസ്‌എന്‍എല്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സര്‍വീസ് ഉള്‍പ്പെടെ എല്ലാ ജീവനക്കാരും അധ്യാപകരും പണിമുടക്കും. ഓട്ടോ-ടാക്സി-ട്രാന്‍സ്പോര്‍ട്ട് മേഖലകളും പണിമുടക്കില്‍ അണിചേരും. കടകമ്ബോളങ്ങള്‍ അടച്ച്‌ വ്യാപാരികളും സമരത്തിന്റെ ഭാഗമാകും. പാല്‍, പത്രം, ആശുപത്രി, വിവാഹം, വിമാനത്താവളം എന്നിവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കി.

സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എസ്ടിയു, എച്ച്‌എംഎസ്, യുടിയുസി, എച്ച്‌എംകെപി, കെടിയുസി, കെടിയുസി എം, കെടിയുസി ജെ, ഐഎന്‍എല്‍സി, സേവ, ടിയുസിഐ, എഐസിടിയു, എന്‍എല്‍ഒ, ഐടിയുസി സംഘടനകള്‍ ഒരുമിച്ചാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയത്. ബിഎംഎസ് നേതാക്കളും പണിമുടക്കിനോട് അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ട്. ബിഎംഎസിലെ തൊഴിലാളികളും സമരത്തില്‍ അണിനിരക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.

പണിമുടക്കുന്ന തൊഴിലാളികള്‍ തിങ്കളാഴ്ച രാവിലെ ജില്ലാകേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ച്‌ സംഘടിപ്പിക്കും. തിരുവനന്തപുരത്ത് രാജ്ഭവനിലേക്കാണ് മാര്‍ച്ച്‌. ഞായറാഴ്ച വൈകിട്ട് സംസ്ഥാനത്താകെ പ്രദേശികാടിസ്ഥാനത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *