മൂന്നാര്‍: മൂന്നാറിലെ ലവ് ഡെയ്ല്‍ ഹോം സ്‌റ്റേ സര്‍ക്കാര്‍ ഏറ്റെടുത്തു. കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമാണ് റിസോര്‍ട്ട് ഏറ്റെടുത്തത്. പാട്ടക്കരാര്‍ ലംഘനത്തെത്തുടര്‍ന്നാണ് ഹോം സ്‌റ്റേ സ്ഥിതി ചെയ്യുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇവിടെ ഇനി മുതല്‍ മൂന്നാര്‍ വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുമെന്നു ദേവികുളം തഹസില്‍ദാര്‍ പി.കെ. ഷാജി പറഞ്ഞു. കെട്ടിടവും 22 സെന്‍റ് സ്ഥലവുമാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്.
ഹോം സ്‌റ്റേ ഒഴിയാന്‍ ഹൈക്കോടതി അനുവദിച്ച ആറ് മാസത്തെ കാലാവധി നേരത്തെ പൂര്‍ത്തിയായിരുന്നു. പാട്ടക്കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് 2006ലാണ് സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. മുന്‍പ് രണ്ടുതവണ ഈ റിസോര്‍ട്ട് ഒഴിയണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നതാണ്. എന്നാല്‍ നിയമനടപടികള്‍ തുടരുന്നതു മൂലമാണ് ഏറ്റെടുക്കാന്‍ കഴിയാതിരുന്നത്.
