തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനു കൈകാര്യം ചെയ്യാന്‍ പറ്റിയ വകുപ്പല്ല ആഭ്യന്തരം എന്ന് അദ്ദേഹം ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാധാരണക്കാരെ അടിച്ചൊതുക്കാന്‍ ക്വട്ടേഷന്‍ എടുത്തപോലെയുള്ള പോലീസിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ പോലീസ് മന്ത്രിക്കു കഴിയുന്നില്ലെന്നും പിണറായി ആഭ്യന്തര വകുപ്പ് ഉടന്‍ ഒഴിയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയനു കൈകാര്യം ചെയ്യാന്‍ പറ്റിയ വകുപ്പല്ല ആഭ്യന്തരം എന്ന് ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. വാരാപ്പുഴയിലെ ശ്രീജിത്തിനെ വീട്ടില്‍നിന്ന് വലിച്ചിഴച്ചു കൊണ്ടുപോകുന്ന വഴി അടിവയറ്റില്‍ തൊഴിച്ചെന്നു ശ്രീജിത്തിന്റെ അമ്മ പറയുന്നു. കുടിക്കാന്‍ തുള്ളിവെള്ളം പോലും കൊടുക്കാതെ ആ ചെറുപ്പക്കാരനെ പോലീസ് തല്ലികൊല്ലുകയായിരുന്നു- ചെന്നിത്തല പറഞ്ഞു.
ദളിത് ഹര്‍ത്താല്‍ പൊളിക്കാനായി ദളിത് സംഘടനാ നേതാക്കളെ അറസ്റ്റ് ചെയ്യുക, മലപ്പുറത്ത് സാധാരണക്കാരുടെ തല തല്ലിപ്പൊളിക്കുക, കസ്റ്റഡിയിലെടുത്തവരെ മൃഗീയമായി തല്ലിക്കൊല്ലുക തുടങ്ങിയ പ്രവൃത്തികളാണു പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. വരാപ്പുഴയില്‍ ബിജെപി ഹര്‍ത്താലില്‍ പോലീസ് നോക്കിനില്‍ക്കെ സമരക്കാര്‍ സാധാരണക്കാര്‍ക്കു നേരെ അഴിഞ്ഞാടി. ദളിത് നേതാക്കന്മാരെ കരുതല്‍ തടങ്കലില്‍വച്ച പോലീസ് ബിജെപിക്കാര്‍ക്കുനേരെ കണ്ണടച്ചു- ചെന്നിത്തല കുറ്റപ്പെടുത്തി.
സാധാരണക്കാരെ അടിച്ചൊതുക്കാന്‍ ക്വട്ടേഷന്‍ എടുത്തപോലെയുള്ള പോലീസിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ പോലീസ് മന്ത്രിക്കു കഴിയുന്നില്ല. രാജ്യത്ത് ഏറ്റവും കൂടുതല്‍ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന ഒരു മുഖ്യമന്ത്രിയാണ് പിണറായി വിജയന്. പിണറായി ആഭ്യന്തര വകുപ്പ് ഉടന്‍ ഒഴിയണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
