റിയാദിനും ജിസാനും നജ്‌റാനും നേരെ ഹൂതിയുടെ മിസൈല്‍ ആക്രമണങ്ങള്‍ സൗദി തകര്‍ത്തു

മനാമ: തലസ്ഥാനമായ റിയാദിലേക്കടക്കം മൂന്നു സ്ഥലങ്ങളെ ലക്ഷ്യമിട്ട് യെമനിലെ ഹുതി മിലഷ്യ നടത്തിയ ബാലസ്റ്റിക് മിസൈല്‍ ആക്രമണങ്ങള്‍ സൗദി സൈന്യം തകര്‍ത്തു.

ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് റിയാദിനെ ലക്ഷ്യമാക്കി മിസൈല്‍ എത്തിയത്. ജിസാന്‍, നജ്‌റാന്‍ പ്രോവിന്‍സുകള്‍ക്കുനേരെയും മിസൈല്‍ എത്തി. മൂന്നു മിസൈലുകളും ലക്ഷ്യത്തിലെത്തും മുന്‍പു സൗദി വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തതായി സഖ്യ സേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു. ഇറാനിയന്‍ മുദ്രകളുള്ള മിസൈലുകളാണ് ഹുതികള്‍ തൊടുത്തുവിട്ടതെന്നും അദ്ദേഹം പറഞ്ഞു. യെമനിലെ സദയില്‍ നിന്നാണ് മിസൈല്‍ തൊടുത്തവിട്ടത്. രാവിലെ 7.40 ഓടെ ജിസാനയെും അബഹ വിമാനതാവളത്തെയും ലക്ഷ്യമാക്കി എത്തിയ ഡ്രോണ്‍ സൗദി തകര്‍ത്തിരുന്നു.

റിയാദ് നഗരത്തിലെ ബത്ഹയിലും പരിസരങ്ങളിലും സ്‌ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. മൂന്നു പൊട്ടിത്തെറിയുടെ ശബ്ദവും ആകാശത്ത് പുകപടലങ്ങളും കണ്ടെതായി അല്‍ അറേബിയ റിപ്പോര്‍ട്ട് ചെയ്തു. അഞ്ചു മാസത്തിനിടെ നാലാം തവണയാണ് റിയാദിനു നേരെ മിസൈല്‍ ആക്രമണ ശ്രമം ഉണ്ടാകുന്നത്. കഴിഞ്ഞ മാസം മിസൈല്‍ ആക്രമണത്തില്‍ റിയാദില്‍ ഈജിപ്ഷ്യന്‍ യുവാവ് കൊല്ലപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *