തിരുവനന്തപുരം : അഴിമതി ആര് കാണിച്ചാലും ശിക്ഷിക്കപ്പെടണമെന്നാണ് നിലപാട് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തു നിന്ന് തന്നെ മാറ്റിയതായി അറിയില്ലെന്ന് അഡ്വ കെപി സതീശന്‍. ബാര്‍ കോഴക്കേസില്‍ മാണിയെ വിചാരണ ചെയ്യാന്‍ ആവശ്യമായ തെളിവുണ്ട്. ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുമോയെന്ന് വിജിലന്‍സ് നിയമോപദേശകന് ഭയമാണ്. അതുകൊണ്ടാണ് കേസില്‍ താന്‍ ഹാജരാകുന്നതിനെ എതിര്‍ത്തതെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.
കേസില്‍ യുക്തമായ നിലപാടാണ് താന്‍ സ്വീകരിച്ചത്. ജൂണ്‍ ആറിന് തന്നെ കേള്‍ക്കുമെന്നാണ് കോടതി ഉത്തരവിട്ടത്. തന്നെ മാറ്റിയാലും തെളിവുകള്‍ പുറത്തുവരിക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ അഴിമതിക്കൊപ്പമാണോ എന്നതില്‍ പിന്നീട് പ്രതികരിക്കാമെന്നും സതീശന്‍ പ്രതികരിച്ചു.
കേസില്‍ ഹാജരാവുന്നതില്‍ നിന്ന് സതീശനെ മാറ്റി നിറുത്തണമെന്ന് മാണിയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. വിജിലന്‍സ് നിയമോപദേശകനും സതീശന്‍ ഹാജരാകുന്നതിനെ എതിര്‍ത്തിരുന്നു.
എല്‍ഡിഎഫ് സര്‍ക്കാരാണ് പ്രോസിക്യൂട്ടറായി സതീശനെ നിയമിച്ചത്. മാണിക്കെതിരെ സതീശന്‍ നിലപാടെടുത്തത് വിവാദമായിരുന്നു.
