ബാര്‍കോഴ കേസ്: സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെപി സതീശനെ മാറ്റി

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ വിജിലന്‍സ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് കെപി സതീശനെ സര്‍ക്കാര്‍ മാറ്റി. ബാര്‍കോഴ കേസില്‍ വിജിലന്‍സിന് വേണ്ടി കോടതിയില്‍ ആര് ഹാജരാകും എന്നത് സംബന്ധിച്ച് സര്‍ക്കാര്‍ അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായതിന് പിന്നാലെയാണ് സതീശനെ നീക്കിയിരിക്കുന്നത്.

സതീശനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിക്കൊണ്ടുള്ള ഫയലില്‍ ആഭ്യന്തരസെക്രട്ടറി ഒപ്പുവച്ചു. എന്നാല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് തന്നെ നീക്കിയവിവരം അറിഞ്ഞിട്ടില്ലെന്ന് സതീശന്‍ പ്രതികരിച്ചു. കേസില്‍ താന്‍ യുക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും അടുത്ത ഹിയറിംഗില്‍ കോടതിയില്‍ ഹാജരാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ തന്നെയായിരുന്നു സതീശനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്. ജേക്കബ് തോമസ് വിജിലന്‍സ് എഡിജിപി ആയിരിക്കെയാണ് കെപി സതീശനെ ബാര്‍കോഴക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കുന്നത്.

ബാര്‍കോഴ കേസില്‍ മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ടിനെ പരസ്യമായി വിമര്‍ശിച്ച് സതീശന്‍ രംഗത്തെത്തിയിരുന്നു. ബാര്‍കോഴക്കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നെന്നും സത്യം പുറത്തുവരരുതെന്ന് ചിലര്‍ ആഗ്രഹിക്കുന്നെന്നുമായിരുന്നു സതീശന്‍ നേരത്തെ ആരോപിച്ചത്.

കേസില്‍ മാണിയെ കുറ്റവിമുക്തനാക്കുന്ന വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി പരിഗണിക്കാനിരിക്കെയായിരുന്നു കോടതിയില്‍ തര്‍ക്കം ഉണ്ടായത്. കെപി സതീശന്‍ കോടതിയില്‍ ഹാജരായതിനെ വിജിലന്‍സിന്റെ നിയമോപദേശകന്‍ വിവി അഗസ്റ്റിന്‍ ചോദ്യം ചെയ്തതാണ് തര്‍ക്കത്തിന് കാരണമായത്. മാണിയുടെ അഭിഭാഷകനും ഇക്കാര്യം ചൂണ്ടിക്കാട്ടി. പക്ഷെ വിവി അഗസ്റ്റിനെയും മാണിയുടെ അഭിഭാഷകനെയും കോടതി രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു.

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി സതീശനെ നിയമിച്ചതിന്റെ രേഖകള്‍ കോടതിക്ക് മുന്നിലുണ്ടെന്നും സതീശന്‍ ഹാജരായാല്‍ ആകാശം ഇടിഞ്ഞ് വീഴുമോയെന്നും കോടതി ചോദിച്ചു. പ്രതിയുടെ അഭിഭാഷകന് ഇതില്‍ എന്ത് കാര്യമെന്നും കോടതി ആരാഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *