തിരുവനന്തപുരം/ആലുവ: വരാപ്പുഴ കസ്റ്റഡിമരണത്തില്‍ വഴിത്തിരിവ്. ശ്രീജിത്തിനെ ആളുമാറിയാണ് കസ്റ്റഡിയിലെടുത്തതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. സംഭവത്തില്‍ ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ ആലുവ പോലീസ് ക്ലബ്ബില്‍ വെച്ച് വീണ്ടും ചോദ്യം ചെയ്യാന്‍ തുടങ്ങി. ശ്രീജിത്തിനൊപ്പം കസ്റ്റഡിയിലെടുത്തവരുടെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യല്‍.അതേസമയം ലോക്കപ്പില്‍ നിന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ പകര്‍ത്തിയ ശ്രീജിത്തിന്റെ നിര്‍ണായക ദൃശ്യം മാതൃഭൂമി ന്യൂസിന് ലഭിച്ചു. രാത്രി 11 മണിക്ക് ശേഷമെടുത്ത ചിത്രത്തില്‍ ശ്രീജിത്തിന് പരിക്കുകളില്ല.
ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ വരാപ്പുഴ സ്റ്റേഷനിലെ സിഐ അടക്കമുള്ള പോലീസുദ്യോഗസ്ഥര്‍ പ്രതികളാകും. ഇപ്പോള്‍ സസ്പെന്‍ഷനില്‍ കഴിയുന്ന എല്ലാ ഉദ്യോഗസ്ഥരും കേസില്‍ പ്രതികളാകും. കസ്റ്റഡിയിലെടുത്തതിന് ശേഷം വീട്ടില്‍ നിന്ന് കൊണ്ടുവരുന്നതിനിടെ ശ്രീജിത്തിനെ മര്‍ദ്ദിച്ചതിന്റെ പേരില്‍ ആര്‍ടിഎഫ് ഉദ്യോഗസ്ഥരുടെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുക്കുമെന്നാണ് വിവരങ്ങള്‍.
ശ്രീജിത്തിനെ ആളുമാറി അറസ്റ്റ് ചെയ്തതിന്റെ ഉത്തരവാദിത്തം സിഐയ്ക്കാണ്. അതിനാല്‍ സിഐ യും പ്രതിയാണ്. ഇന്ന് വൈകിട്ടോടെ അറസ്റ്റുണ്ടാകുമെന്നാണ് വിവരം. അതേസമയം റൂറല്‍ എസ്പിക്കെതിരെ നടപടിയുണ്ടാകില്ല. ആര്‍ടിഎഫ് ഉദ്യോഗസ്ഥരാണ് ശ്രീജിത്തിനെ മര്‍ദ്ദിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
ആത്മഹത്യ ചെയ്ത വാസുദേവന്റെ സഹോദരന് ഗണേശനൊപ്പമാണ് ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ വീടാക്രമണക്കേസിലെ പ്രതികളെ തേടിയെത്തിയത്. പോലീസ് വാഹനത്തില്‍ കയറ്റുന്നതുവരെ ശ്രീജിത്തിന് മര്ദ്ദനമേറ്റിരുന്നില്ലെന്നാണ് ഗണേശന്റെ മൊഴി. എന്നാല്‍ ഇതിന് കടക വിരുദ്ധമായ മൊഴികളാണ് ശ്രീജിത്തിന്റെ കുടുംബാംഗങ്ങളും അയല്‍വാസികളും നല്‍കുന്നത്. ഇത് പരിഗണിച്ചാണ് ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ ശ്രീജിത്തിനെ മര്‍ദ്ദിച്ചിട്ടുണ്ടെന്ന നിഗമനത്തില്‍ അന്വേഷണ സംഘമെത്തുന്നത്.
പറവൂര്‍ സിഐയുടെ നിര്‍ദ്ദേശപ്രകാരമാണ് ശ്രീജിത്ത് കസ്റ്റഡിയിലാകുന്നത്. ഇതിനായി മൂന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥരാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കുന്നത്. തുടര്‍ന്ന വരാപ്പുഴ സ്റ്റേഷനില്‍ എത്തിച്ചു. ഈ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരാണ് കസ്റ്റഡി മരണത്തില്‍ പ്രതികളാകാന്‍ പോകുന്നത്. പറവൂര്‍ സിഐ മുതല്‍ ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ വരെ ഏഴ് പോലീസുകാര്‍ പ്രതികളാകും.
കൊലക്കുറ്റം, അന്യായ തടങ്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ആര്‍ടിഎഫ് ഉദ്യേഗസ്ഥര്‍ക്കെതിരെ നിരവധി മൊഴികളുണ്ട്. ഇവര്‍ തന്നെ മര്‍ദ്ദിച്ചതായി ഡോക്ടര്‍ക്ക് മുമ്ബാകെ ശ്രീജിത്ത് പറഞ്ഞിട്ടുമുണ്ട്. അതിനാല്‍ ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തും. ആറാം തിയതി രാത്രി വീട്ടിലെത്തി ശ്രീജിത്തിനെ ആര്‍ടിഎഫ് കസ്റ്റഡിയിലെടുത്തിവെങ്കില് ശ്രീജിത്തിനെ രാവിലെ എട്ടരയ്ക്ക് കസ്റ്റഡിയിലെടുത്തുവെന്നാണ് കസ്റ്റഡി റിപ്പോര്‍ട്ടില്‍ പറവൂര്‍ സിഐ എഴുതിയിരിക്കുന്നത്. ഇത് ഗുരുതരമായ കൃത്യവിലോപമാണ്.
