ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കേന്ദ്ര നേതൃത്വത്തിനെതിരെ ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന പി.എസ് ശ്രീധരന്‍പിള്ള. ബി.ഡി.ജെ.എസിനെ പിണക്കിയതാണ് ചെങ്ങന്നൂരില്‍ വലിയ തിരിച്ചടിയായതെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. അവര്‍ക്ക് കേന്ദ്ര നേതൃത്വം വാഗ്ദാനം ചെയ്ത പദവികള്‍ കൊടുക്കാതിരുന്നത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ബി.ഡി.ജെ.എസിന്റെ വോട്ടിനൊപ്പം എസ്.എന്‍.ഡി.പിയുടെ പിന്തുണയും ലഭിച്ചിരുന്നെങ്കില്‍ 50,000 വോട്ടെങ്കിലും ബി.ജെ.പിക്ക് ലഭിക്കുമായിരുന്നു. നായര്‍ വോട്ടുകള്‍ ബി.ജെ.പിക്ക് ലഭിച്ചു. എന്നാല്‍ എസ്.എന്‍.ഡി.പി വോട്ടുകള്‍ സി.പി.എമ്മിനൊപ്പമായിരുന്നു. സാമുദായിക സംഘടനകളെ ഒപ്പം നിര്‍ത്തുന്നതില്‍ സി.പി.എമ്മിനെ കണ്ടു പഠിക്കണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
ബി.ഡി.ജെ.എസിന്റെ കാര്യം പാര്‍ട്ടി നേതൃത്വം ഗൗരവമായി എടുത്തില്ല. ഓരോ സമുായത്തിനും അവരുടേതായ താല്‍പ്പര്യമുണ്ട്. അവരെ വേദനിപ്പിക്കാതെ ഉള്‍ക്കൊണ്ടു വേണം രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍. എന്നാല്‍ എല്ലാവര്ക്കും ഇത് മനസിലാകാതെ പോയി. തെരഞ്ഞെടുപ്പ് സമയത്ത് തന്നെ കുമ്മനത്തിന് ഗവര്‍ണര്‍ പദവി നല്‍കിയത് ബി.ഡി.ജെ.എസ് പ്രവര്‍ത്തകര്‍ക്കിടയില്‍ അസംതൃപ്തിക്ക് കാരണമായെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ പരാജയം ഉറപ്പായിരുന്നു. അതിനാലാണ് വലിയ അവകാശവാദം ഒന്നും ഉന്നയിക്കാതിരുന്നത്. എല്ലാ പരിവാര്‍ സംഘടനകളേയും ഉള്‍ക്കൊള്ളുന്ന ഒരാള്‍ ബി.ജെ.പിയുടെ പുതിയ പ്രസിഡന്റായി ചുമതലയേല്‍ക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
