മാണിയെ നിലനിര്‍ത്താന്‍ കുഞ്ഞാലികുട്ടി

മലപ്പുറം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് യു.ഡി.എഫിലേക്ക് തിരിച്ചെത്തിയ കെ.എം.മാണിയെ യു.ഡി.എഫില്‍ തളരാതെ നിലനിത്താന്‍ മുസ്്‌ലിംലീഗ് നേതാവ് പി.കെ.കുഞ്ഞാലികുട്ടി രംഗത്ത്. കേരളത്തില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റില്‍ യു.ഡി.എഫ് കേരള കോണ്‍ഗ്രസിനെ കൂടി പരിഗണിക്കേണ്ടതുണ്ടെന്ന് മുസ്്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കുഞ്ഞാലികുട്ടി മലപ്പുറത്ത് പറഞ്ഞു.രാജ്യസഭാ സീറ്റ് മാണിക്ക് കൂടി അര്‍ഹതപ്പെട്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് ഉയര്‍ന്ന ബാര്‍കോഴ വിവാദത്തെ തുടര്‍ന്ന് യു.ഡി.എഫില്‍ ഒറ്റപ്പെട്ട മാണി മുന്നണി വിട്ടു പോയിരുന്നു. ഇടതുമുന്നണിയുടെ ഭാഗമാകുന്നതിന് സി.പി.എമ്മുമായി ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും സി.പി.ഐയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഈ നീക്കം പാളിപ്പോയി. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന ചെങ്ങനൂര്‍ ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് യു.ഡി.എഫിനൊപ്പം നില്‍ക്കുന്നതായി കേരള കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. എന്നാല്‍ ചെങ്ങനൂരില്‍ യു.ഡി.എഫ് തോറ്റതോടെ കേരള കോണ്‍ഗ്രസിന് യു.ഡി.എഫിലും ഡിമാന്റില്ലാത്ത അവസ്ഥയാണ്. ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നെങ്കില്‍ തങ്ങളുടെ കൂടി പിന്തുണ കൊണ്ടാണ് ജയിച്ചതെന്ന് കേരളകോണ്‍ഗ്രസിന് വാദിക്കാമായിരുന്നു. എന്നാല്‍ തേല്‍വി ഈ സാധ്യത ഇല്ലാതാക്കി. യു.ഡി.എഫില്‍ പഴയ നിലയില്‍ തിരിച്ചെത്തണമെങ്കില്‍ മാണിക്ക് ഏറെ പണിപ്പെടേണ്ടി വരും. മുസ്്‌ലിം ലീഗിന്റെ പിന്തുണയാണ് മാണിക്കുള്ള വലിയ പ്രതീക്ഷ.

രാജ്യസഭാ സീറ്റിന്റെ കാര്യം ചര്‍ച്ച ചെയ്യാന്‍ യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പം കേരള കോണ്‍ഗ്രസിനെയും കോണ്‍ഗ്രസ് ദേശീയ നേതൃത്വം ദല്‍ഹിയിലേക്ക് ക്ഷണിച്ചി്ട്ടുണ്ടെന്ന് കുഞ്ഞാലികുട്ടി പറഞ്ഞു. കെ.പി.സി.സി.പ്രസിഡന്റിനെയും യു.ഡി.എഫ് കണ്‍വീനറെയും തീരുമാനിക്കുന്നത് കോണ്‍ഗ്രസാണെന്നും അവരുടെ തീരുമാനം വൈകാതെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *