പാക്കിസ്താനു പിന്നാലെ ഇന്ത്യയേയും തകര്‍ത്ത് ബംഗ്ലാ പെണ്‍കടുവകള്‍: അട്ടിമറി വിജയം ഏഴു വിക്കറ്റിന്

ക്വലാലംപൂര്‍: പാക്കിസ്താനെ തകര്‍ത്തതിനു പിന്നാലെ ഇന്ത്യന്‍ വനിതകളേയും തറപറ്റിച്ച്‌ ബംഗ്ലാ പുലികള്‍. ഏഷ്യാകപ്പ് വനിതാ ട്വന്റി20യില്‍ ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി. ഏഴ് വിക്കറ്റിനാണ് ബംഗ്ലാദേശ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 142 റണ്‍സിന്റെ വിജയ ലക്ഷ്യം രണ്ട് പന്ത് ബാക്കി നില്‍ക്കെ ബംഗ്ലാദേശ് മറികടന്നു. ടോസ് ജയിച്ച്‌ ആദ്യ ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. രാജ്യാന്തര ടി20 യില്‍ ആദ്യമായാണ് ബംഗ്ലാദേശ് വനിതാ ടീം ഇന്ത്യയെ പരാജയപ്പെടുത്തുന്നത്. ഇതുവരെ ഇന്ത്യയുമായി നേരിട്ട 13 മത്സരങ്ങളിലും ബംഗ്ലാദേശ് പരാജയം മണത്തിരുന്നു.

സൂപ്പര്‍ താരങ്ങളായ മിതാലി രാജും (15) സ്മൃതി മന്ദാനയും (2) നിരാശപ്പെടുത്തിയപ്പോള്‍ 42 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും 32 റണ്‍സെടുത്ത ദീപ്തി ശര്‍മയുമാണ് അല്പമെങ്കിലും പിടിച്ചു നിന്നത്. മറ്റാര്‍ക്കും തിളങ്ങാനാവാതെ പോയതോടെ മികച്ച സ്‌കോര്‍ എന്ന ലക്ഷ്യം അകന്നു നിന്നു. നാലോവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത റുമാന അഹമ്മദാണ് ഇന്ത്യന്‍ നിരയുടെ നടുവൊടിച്ചത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് തുടക്കത്തില്‍ പിഴച്ചെങ്കിലും പിന്നീട് വിക്കറ്റ് നഷ്ടപ്പെടുത്തില്ലെന്ന തീരുമാനത്തിലുറച്ച പോലെയായിരുന്നു ബാറ്റിംഗ്. 49 റണ്‍സെടുക്കുന്നതിനിടെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ട ബംഗ്ലാദേശിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നതേയില്ല. 52 റണ്‍സ് നേടി പുറത്താകാതെ നിന്ന ഫര്‍ഹാന ഹക്ക് 42 റണ്‍സെടുത്ത റുമാന അഹമ്മദ് 33 റണ്‍സെടുത്ത ഷമീമ സുല്‍ത്താന എന്നിവരുടെ മിന്നും പ്രകടനമാണ് ബംഗ്ലാദേശിന് മികച്ച വിജയം നേടിക്കൊടുത്തത്. ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *