തിരുവനന്തപുരം: രാജ്യസഭ സീറ്റിനെ ചൊല്ലി യു.ഡി.എഫില്‍ അഭിപ്രായ ഭിന്നത തുടരുന്നതിനിടെ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരള കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് മുന്നണിയെ ശക്തിപ്പെടുത്തും. യു.ഡി.എഫ് ഒറ്റക്കെട്ടായി തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്നണി ശാക്തീകരണം ലക്ഷ്യമിട്ടാണ് മാണിക്ക് സീറ്റ് നല്‍കിയത്. കാര്യങ്ങള്‍ മനസിലാക്കാത്തതിനാലാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. ഈ രാജ്യസഭാ സീറ്റ് ഒരു കീഴ്വഴക്കമാകില്ല. ഒരു പ്രാവശ്യത്തേക്ക് മാത്രമുള്ള ധാരണയാണിതെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
പി.ജെ. കുര്യനെതിരെ താന്‍ ആര്‍ക്കും പരാതി നല്‍കിയിട്ടില്ല. താന്‍ പരാതി പറയുകയാണെങ്കില്‍ അത് കോണ്‍ഗ്രസ് അധ്യക്ഷനോടാണ്. അദ്ദേഹത്തോടു നേരിട്ടു ചോദിച്ചാല്‍ കുര്യനു സത്യാവസ്ഥ മനസ്സിലാകും. കുര്യനോടു വ്യക്തിപരമായി വൈരാഗ്യമില്ല. 1980 മുതല്‍ അദ്ദേഹം മത്സരിച്ച പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളിലെല്ലാം സജീവമായി താന്‍ കൂടെയുണ്ടായിരുന്നു. കുര്യന് രാജ്യസഭയിലേക്ക് പോകുമ്ബോള്‍ കേരള കോണ്‍ഗ്രസിന് അവകാശ വാദം ഉന്നയിക്കാമായിരുന്നു. എന്നാല്‍ താനാണ് ആ സീറ്റ് കുര്യന് നല്‍കിയത്. 2012ല്‍ കുര്യനോടു മാറി നില്ക്കണമെന്നു പറഞ്ഞിരുന്നു. പകരം മലബാറില്‍നിന്നുള്ള നേതാവിന്റെ പേരു കൊടുക്കണമായിരുന്നു. എന്നാല്‍ മത്സരിക്കണമെന്ന് കുര്യന് നിര്‍ബന്ധം പിടിച്ചു. കൂടാതെ നേതൃത്വം പറഞ്ഞത് കുര്യന്റെ പേരു കൊടുക്കാനായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
സീറ്റ് നല്‍കിയത് രാഷ്ട്രീയ തീരുമാനമെന്ന് ചെന്നിത്തല
കേരള കോണ്‍ഗ്രസിന് രാജ്യസഭ സീറ്റ് നല്‍കിയത് രാഷ്ട്രീയ തിരുമാനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീരുമാനം കോണ്‍ഗ്രസിനെയും മുന്നണിയെയും ശക്തിപ്പെടുത്തും. വസ്തുതയറിയാതെയുള്ള പ്രതിഷേധങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരു തവണത്തേക്ക് മാത്രമുള്ള ധാരണ പ്രകാരമാണ് സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയത്. ഇതിലൂടെ കോണ്‍ഗ്രസിന്റെ സീറ്റ് നഷ്ടപ്പെടുകയില്ല. 2020 ല്‍ ഇതിന് പകരമായി രണ്ട് സീറ്റ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെയും ഇത്തരത്തില്‍ സീറ്റുകള്‍ മാറിയിട്ടുണ്ട്. അങ്ങിനെയാണ് അബ്ദുല്‍ വഹാബിന്റെ സീറ്റ് എ.കെ ആന്റണിക്ക് നല്‍കിയത്. ലീഗും മറ്റ് ഘടകക്ഷികളും ചേര്‍ന്നാല്‍ മാത്രമേ മുന്നണി ശക്തമാകൂ. ഇക്കാര്യങ്ങള്‍ ഹൈകമാന്‍ഡിന് മനസിലായതിനാലാണ് തീരുമാനം അംഗീകരിച്ചത്. കോണ്‍ഗ്രസിനും യു.ഡി.എഫിനും ധാരണ ഗുണകരമാണ്. വരുന്ന തെരഞ്ഞെടുപ്പില്‍ ഇടതുമുണിയെയും ബി.ജെ.പിയെയും നിലംപരിശാക്കാന്‍ ഇതോടെ യു.ഡി.എഫിനാവുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
യു.ഡി.എഫ് യോഗത്തില്‍ നിന്ന് വി.എം സുധീരന് ഇറങ്ങിപ്പോയി
രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് യോഗത്തില്‍ നിന്ന് വി.എം സുധീരന് ഇറങ്ങിപ്പോയി. മാണി വരുന്നത് യു.ഡി.എഫിെന ശക്തിപ്പെടുത്തുന്ന തീരുമാനമല്ലെന്ന് സുധീരന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയത് സുതാര്യമായ തീരുമാനമല്ല. ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്താതെയാണ് തീരുമാനമെടുത്തത്. ഇൗ തീരുമാനത്തിലൂടെ കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചതിക്കപ്പെട്ടിരിക്കുന്നു. ഇതിെന്റ ഗുണഭോക്താവ് ബി.ജെ.പി മാത്രമാണെന്നും സുധീരന് പറഞ്ഞു.
ഇതിന് പാര്‍ട്ടി കനത്ത വില നല്‍കേണ്ടി വരും. കേരള കോണ്‍ഗ്രസിന് സീറ്റ് നല്കിയ തീരുമാനം പുനപരിശോധിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷനോടും ഇക്കാര്യം പറഞ്ഞിരുന്നു. ഇത്തരം ഏകപക്ഷീയമായ തീരുമാനങ്ങള്‍ പാര്‍ട്ടിക്ക് ഗുണകരമല്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭാഗത്തു നിന്ന് ശക്തമായ എതിര്‍പ്പുണ്ട്. ഇതുകൊണ്ട് പാര്‍ട്ടിക്ക് വന്‍ തകര്‍ച്ചയാണുണ്ടാക്കുക. ഏത് ലക്ഷ്യത്തെ മുന്‍ നിര്ത്തിയാണേടാ തീരുമാനമെടുത്തത് അതിെന്റ വിപരീത ഫലമാണുണ്ടാവുക. രാജ്യസഭാ സീറ്റ് ദാനം ചെയ്യുക വഴി കോണ്‍ഗ്രസ് നാശത്തിലേക്ക് നീങ്ങുകയാണ്. അതിനാല്‍ എ.െഎ.സി.സി തീരുമാനം പുനഃപരിശോധിക്കണം എന്നും താന്‍ ആവശ്യപ്പെട്ടിരുന്നു. ഇത്തരം തിരുമാനങ്ങളോട് യോജിക്കാനകില്ല. ശക്തമായ വിയോജിപ്പ് പരസ്യമായി പ്രകടിപ്പിക്കുകയാണ്. പ്രതിഷേധ സൂചകമായി തെന്റ വിയോജിപ്പ് യു.ഡി.എഫ് യോഗത്തില്‍ അറിയിച്ച ശേഷം വിട്ടു നില്‍ക്കുകയായിരുന്നെന്നും സുധീരന് പറഞ്ഞു.
കെ.എം. മാണി കൂടി ഉള്‍പ്പെട്ട യോഗത്തില്‍ നിന്നാണ് സുധീരന് പ്രതിഷേധിച്ച് ഇറങ്ങിപ്പോയത്. കെ.എം മാണി യോഗത്തിന് വന്ന ഉടനായിരുന്നു സുധീരന് ഇറങ്ങിപ്പോയത്.
