കേരളത്തിന്റെ തെരെഞ്ഞടുപ്പ് അവബോധം അഭിമാനകരം: ഗവര്‍ണ്ണര്‍

തിരുവനന്തപുരം: കേരളത്തക്കുറിച്ച് മറ്റിടങ്ങളില്‍ പറയുമ്പോള്‍ ഉയര്‍ന്ന സാക്ഷരത, നൂറ് ശതമാനം മതസൗഹാര്‍ദത എന്നിവയ്‌ക്കൊപ്പം തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കേരളീയരുടെ അവബോധവും നടത്തിപ്പിലെ അച്ചടക്കവും ഇപ്പോള്‍ പരാമര്‍ശിക്കാറുണ്ടെന്ന് ഗവര്‍ണ്ണര്‍ ജസ്റ്റീസ് പി. സദാശിവം പറഞ്ഞു. കേരള സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷന്റെ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മാതൃകാപരമായ പ്രവര്‍ത്തനമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്നത്. സാങ്കേതികമായ മുഴുവന്‍ സാധ്യതകളേയും ഫലപ്രദമായി വിനിയോഗിച്ചാണ് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. ഫോട്ടോപതിച്ച തെരഞ്ഞെടുപ്പ് പട്ടികയും തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും കുറ്റമറ്റതും കാര്യക്ഷമമാക്കിയതിനുമൊപ്പം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കേരളമാകെ വോട്ടിംഗ് യന്ത്രത്തിന്റെ സഹായം ഏര്‍പ്പെടുത്താനും കമ്മീഷനു കഴിഞ്ഞു. പ്രശ്‌ന ബാധിതമെന്ന് സംശയിച്ചിരുന്ന ബൂത്തുകളില്‍ ക്യാമറ സംവിധാനം ഏര്‍പ്പെടുത്തി. തെരെഞ്ഞടുപ്പിന്റെ വിശ്വാസ്യതയെ ഉയര്‍ത്താന്‍ ഇത് സഹായകരമായി. മറ്റ് കമ്മീഷനുകളും ഒരു കുടക്കീഴില്‍ എത്തുന്നതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വീകരിച്ച നിലപാടാണ് സഹായകരമായത്.ഇത് വേഗത്തില്‍ പൂര്‍ത്തിയാകട്ടെയെന്ന് ഗവര്‍ണ്ണര്‍ ആശംസിച്ചു. പഴയ കാലത്തേത് പോലെ പി. ഡബഌൂ. ഡി യുടെ പ്രവര്‍ത്തനങ്ങള്‍ അനന്തമായി നീണ്ടുപോകുന്ന അവസ്ഥ ഇപ്പോഴില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 400 ദിവസങ്ങള്‍ കൊണ്ട് 100 പാലങ്ങള്‍ നിര്‍മ്മിച്ച് ഉദ്ഘാടനം നിര്‍വഹിക്കാന്‍ കഴിയുന്ന നിലയിലേക്ക് പൊതുമരാമത്ത് വകുപ്പ് വളര്‍ന്നിട്ടുണ്ട്. കമ്മീഷന്റെ കെട്ടിടം ഒന്നര വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി. കെ. ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. അടുത്തയാഴ്ച ടെണ്ടര്‍ നടപടി പൂര്‍ത്തിയാകുമെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് വകുപ്പ് മന്ത്രി ഡോ. എം. കെ മുനീര്‍, കെ. മുരളീധരന്‍ എം. എല്‍. എ, പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ എം പെണ്ണമ്മ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന തെരെഞ്ഞടുപ്പ് കമ്മീഷണര്‍ കെ. ശശിധരന്‍ നായര്‍ സ്വാഗതവും കേരള സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന്‍ സെക്രട്ടറി പി ഗീത എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *