ഫറോക്ക് നഗരസഭാഭരണം വീണ്ടും എല്‍ഡിഎഫിന്

ഫറോക്ക്:>രണ്ടര വര്‍ഷത്തിന് ശേഷം ഫറോക്ക് നഗരസഭാ ഭരണം എല്‍ഡിഎഫ് തിരിച്ചുപിടിച്ചു. എല്‍ഡിഎഫ് പിന്തുണയില്‍ സ്വതന്ത്ര അംഗം കെ എ കമറുല്‍ ലൈല നഗരസഭാദ്ധ്യക്ഷയായും കെ മൊയ്തീന്‍കോയ ഉപാദ്ധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ടു. ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ 16 നെതിരെ 21 വോട്ടുകള്‍ക്കാണ് ഇരുവരും വിജയിച്ചത്.ഇതോടെ ഫറോക്ക് നഗരസഭയില്‍ ബിജെപിയുടെ കൂടി പിന്തുണയില്‍ ലീഗ് ആധിപത്യത്തിലുള്ള യുഡിഎഫ് ഭരണം സമ്ബൂര്‍ണമായും അവസാനിച്ചു.

നേരത്തെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ സ്ഥാനത്ത് നിന്നും പുറത്തായ ചെയര്‍പേഴ്സന്‍ മുസ്ലീം ലീഗിലെ പി റുബീന, ഉപാദ്ധ്യക്ഷന്‍ കോണ്‍ഗ്രസിലെ വി മുഹമ്മദ് ഹസ്സന്‍ എന്നിവര്‍ തന്നെയാണ് രണ്ടാമതും ഇരു സ്ഥാനത്തേക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥികളായി മത്സരിച്ച്‌ ദയനീയ തോല്‍വി ഏറ്റുവാങ്ങിയത്. 16 നെതിരെ 21 വോട്ടുകള്‍ നേടിയായിരുന്നു വിജയം. ഏക ബിജെപി അംഗം വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.

ബുധനാഴ്ച രാവിലെ 11 നായിരുന്നു നഗരസഭാദ്ധ്യക്ഷയെ തെരഞ്ഞെടുക്കുന്നതിനായി കൗണ്‍സില്‍ യോഗം ചേര്‍ന്നത്. ഫലപ്രഖ്യാപനത്തിന് ശേഷം ചെയര്‍പേഴ്സന്‍ സത്യവാചകം ചൊല്ലി അധികാരമേറ്റു.തെരഞ്ഞെടുപ്പ് നിയന്ത്രിച്ച വരണാധികാരിയായ കോഴിക്കോട് ജില്ലാ ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് ഇന്‍സ്പെക്ടര്‍ പി രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഉച്ചയ്ക്ക് ശേഷം രണ്ടിനായിരുന്നു വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ്.

നഗരസഭയിലെ 38 അംഗ കൗണ്‍സിലില്‍ 18 പേര്‍ എല്‍ ഡി എഫിനുണ്ടായിരുന്നത്.ഇതിന് പുറമെ ചെയര്‍പേഴ്സനായി തെരഞ്ഞെടുക്കപ്പെട്ട സ്വതന്ത്ര അംഗവും, വൈസ് ചെയര്‍മാനായ കെ മൊയ്തീന്‍കോയ, കെ ടി ശാലിനി എന്നീ കോണ്‍ഗ്രസ് അംഗങ്ങളും കൂടി എല്‍ ഡി എഫിനൊപ്പം ചേര്‍ന്നതാണ് യു ഡി എഫിന് കനത്ത തിരിച്ചടിയായത്. മേയ് 16നാണ് എല്‍ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടര്‍ന്ന് ചെയര്‍പേഴ്സനും വൈസ് ചെയര്‍മാനും പുറത്തായത്. അന്ന് യുഡിഎഫ് അവിശ്വാസ പ്രമേയ ചര്‍ച്ച ബഹിഷ്ക്കരിച്ചെങ്കിലും ലീഗിലെ മുന്‍ ചെയര്‍പേഴ്സനും രണ്ടു കോണ്‍ഗ്രസ് അംഗങ്ങളും യു ഡി എഫിനൊപ്പമുണ്ടായിരുന്ന സ്വതന്ത്ര അംഗം കമറു ലൈലയും കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത് അവിശ്വാസത്തെ അനുകൂലിച്ചു.

ഇടതു മുന്നണിയില്‍ സിപിഐ – എമ്മിന് പതിനാറും , സിപിഐ, എന്‍സിപി എന്നിവര്‍ക്ക് ഓരോ അംഗങ്ങളുമടക്കം 18 പേരാണുണ്ടായിരുന്നത്. യുഡിഎഫില്‍ 17 ല്‍ മുസ്ലീം ലീഗിന് പതിനാലും കോണ്‍ഗ്രസിന് മൂന്നു കൗണ്‍സിലര്‍മാരുമായിരുന്നെങ്കിലും റിബലായി മത്സരിച്ച്‌ ജയിച്ച രണ്ടു വനിതകളും ,ബിജെപിയുടെ ഏക അംഗവും ഏത് സന്നിഗ്ദ ഘട്ടങ്ങളിലും ഭരണത്തെ താങ്ങി നിര്‍ത്താന്‍ ഒപ്പമുണ്ടായിരുന്നു. ഒടുവില്‍ യുഡിഎഫിന്റെവഴിവിട്ട ഭരണത്തില്‍ ഗതിമുട്ടിയാണ് കോണ്‍ഗ്രസ് -സ്വതന്ത്ര അംഗങ്ങള്‍ എതിരായി തിരിഞ്ഞത്.നിലവില്‍ യു ഡി എഫ് അംഗബലം ഒരു സ്വതന്ത്രയടക്കം 16 ആയി ചുരുങ്ങി.

നഗരസഭയിലെ കല്ലംപാറ ഇരുപത്തിയൊന്നാം ഡിവിഷനില്‍ നിന്നാണ് ചെയര്‍പേഴ്സനായി തെരഞ്ഞെടുക്കപ്പെട്ട കമറു ലൈല കൗണ്‍സിലറായി ജയിച്ചത്. വൈസ് ചെയര്‍മാന്‍ മൊയ്തീന്‍കോയ കരുവന്‍തിരുത്തി കോതാര്‍തോട് 35 ഡി വിഷനില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജയിച്ചത്.

മതിയായ ഭൂരിപക്ഷമില്ലാതെയും കുറുക്കുവഴിയില്‍ നഗരസഭയുടെ കന്നി ഭരണം കൈയിലാക്കിയ ലീഗ് നേതൃത്വത്തിലുള്ള ഭരണം അമ്ബേ പരാജയമായിരുന്നു. തുടക്കം മുതല്‍ ലീഗിലെ തമ്മിലടി കാരണം പദ്ധതി നിര്‍വ്വഹണവും ദൈനദ്വിന ഭരണനിര്‍വ്വഹണവുമെല്ലാം ഇവിടെ അവതാളത്തിലായിരുന്നു. ആദ്യ ചെയര്‍പേഴ്സനായിരുന്ന ടി സുഹറാബിയെ പിടിച്ചിറക്കിയാണ് ലീഗിലെ തന്നെ മറുപക്ഷത്തെ പി റുബീനയെ ഒരു വര്‍ഷം മുമ്ബ് ചെയര്‍പേഴ്സനാക്കിയത്. കോണ്‍ഗ്രസ് എ വിഭാഗം നേതാവുകൂടിയായ വൈസ് ചെയര്‍മാനെ തിരായും നേരത്തെ തന്നെ കോണ്‍ഗ്രസ് പാളയത്തില്‍ പട തുടങ്ങിയിരുന്നു.

ഫറോക്ക് നഗരസഭയിലെ 38 അംഗ കൗണ്‍സിലില്‍ ഇടതു മുന്നണിയില്‍ സിപിഐ – എമ്മിന് പതിനാറും , സിപിഐ, എന്‍സിപി എന്നിവര്‍ക്ക് ഓരോ അംഗങ്ങള്‍ വീതവുമാണുള്ളത്. യു ഡി എഫില്‍ 17 ല്‍ മുസ്ലീം ലീഗിന് പതിനാലും കോണ്‍ഗ്രസിന് മൂന്നു കൗണ്‍സിലര്‍മാരുമാണുണ്ടായിരുന്നത്. റിബലായി മത്സരിച്ച്‌ ജയിച്ച രണ്ടു വനിതകളില്‍ ഒരാള്‍ക്ക് ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷ പദവി നല്‍കിയിരുന്നു. രണ്ടാമത്തെ അംഗവും ബിജെപിയുടെ ഏക അംഗവും നേരത്തെ ഏത് സന്നിഗ്ദ ഘട്ടങ്ങളിലും ഭരണത്തെ താങ്ങി നിര്‍ത്താന്‍ ഒപ്പമുണ്ടായിരുന്നെങ്കിലും, ഒടുവില്‍ വഴിവിട്ട ഭരണത്തില്‍ ഗതിമുട്ടിയാണ് എതിരായി തിരിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *