കൂടരഞ്ഞി കക്കാടംപൊയിലിലെ പി.വി. അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍ തീം പാര്‍ക്കിനടുത്ത് വന്‍ മണ്ണിടിച്ചിലുണ്ടായ സാഹചര്യത്തില്‍ പാര്‍ക്ക് ദുരന്തസാധ്യത മേഖലയിലല്ലെന്ന ജില്ല കലക്ടര്‍ കണ്‍വീനറായ സമിതിയുടെ കണ്ടെത്തലിന് തിരിച്ചടി.
കഴിഞ്ഞ ദിവസമാണ് വാട്ടര്‍ തീം പാര്‍ക്കിെന്റ 30 മീറ്റര്‍ താഴെ വലിയ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലുമുണ്ടായത്. പാര്‍ക്കിെന്റ ആവശ്യത്തിന് വെള്ളം കെട്ടിനിര്ത്തിയതിെന്റ താഴെയായിരുന്നു മണ്ണിടിഞ്ഞത്. പരിസ്ഥിതി ദുര്‍ബല പ്രദേശത്താണ് പാര്‍ക്ക് നിര്‍മിച്ചതെന്നായിരുന്നു നേരത്തെയുയര്‍ന്ന ആക്ഷേപം. ഇതേത്തുടര്‍ന്ന് റവന്യൂ മന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. അന്വേഷണം നടത്തിയ കലക്ടര്‍ കണ്‍വീനറായ സമിതി റവന്യൂ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് നല്കിയ റിപ്പോര്‍ട്ടിലാണ് പാര്ക്കിന് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നത്.
നിയമാനുസൃതമായാണ് പാര്‍ക്ക് നിര്‍മിച്ചതെന്നായിരുന്നു സമിതിയുടെ കണ്ടെത്തല്‍. ഭൂമിയുടെ സ്വാഭാവികത മാറ്റാതെയാണ് പാര്‍ക്കിെന്റ നിര്‍മാണമെന്നും പ്രകൃതിയുടെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. പുറമ്ബോക്ക് ഭൂമിയിലോ കൈയേറ്റ ഭൂമിയിലോ അല്ല പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നത്, ദുരന്തസാധ്യത മേഖലയിലും അല്ല, വിജ്ഞാപനം ചെയ്യപ്പെട്ട വനഭൂമിയുടെ പുറത്താണ്, വനത്തിനോ വന്യജീവികള്‍ക്കോ ദോഷമില്ല, മലിനീകരണ നിയന്ത്രണ ബോര്‍ഡിെന്റ അനുമതിയുണ്ട് തുടങ്ങിയ കണ്ടെത്തലുകളും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
കലക്ടര്‍ക്കു പുറമെ അസി. ഡിവിഷനല്‍ ഫയര്‍ ഓഫിസര്‍, പൊലൂഷന്‍ കണ്ട്രോള് ബോര്‍ഡ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍, കോഴിക്കോട് ടൗണ്‍ പ്ലാനര്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍, ഡെ. ചീഫ് ഇലക്ട്രിക്കല്‍ ഓഫിസര്‍, ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍, ഡെപ്യൂട്ടി കലക്ടര്‍ (ദുരന്തനിവാരണം), ഡെപ്യൂട്ടി കലക്ടര്‍ (ലാന്റ് റവന്യൂ), കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരാണ് സമിതിയില്‍ ഉണ്ടായിരുന്നത്.നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന വാട്ടര്‍ തീം പാര്‍ക്ക് അടച്ചുപൂട്ടണം എന്നാവശ്യപ്പെട്ട് പാര്ക്കിന് മുമ്ബിലും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഒാഫിസിലും നേരത്തെ സമരം നടന്നിരുന്നു. യു.ഡി.എഫ് ഭരിക്കുന്ന കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഭരണസമിതി ഇടതുപക്ഷ എം.എല്‍.എയുടെ പാര്‍ക്കിനെ അനുകൂലിച്ചത് ചര്‍ച്ചയായിരുന്നു.
