മര്‍ദ്ദനം നടന്നപ്പോള്‍ കാഴ്ച്ചക്കാരനായി സിഐയും; എംഎല്‍എയെ സംരക്ഷിക്കാന്‍ പോലീസിന്റെ ഒത്തുകളി

കൊല്ലം: ഗണേശ് കുമാര്‍ എംഎല്‍എ യുവാവിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ പോലീസിന്റെ ഒത്തുകളിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവസ്ഥലത്തുണ്ടായിരുന്ന അഞ്ചല്‍ സിഐ മോഹന്‍ദാസ് മര്‍ദ്ദനം തടയാന്‍ ശ്രമിക്കുകയോ സംഭവത്തില്‍ ഇടപെടുകയോ ചെയ്യാതെ കാഴ്ചക്കാരാനായി നിന്നുവെന്നാണ് ആരോപണം. നിലവില്‍ ഇൗ കേസ് അന്വേഷിക്കുന്നത് സിഐ മോഹന്‍ദാസ് തന്നെയാണ്. അന്വേഷണ ഉഗ്യോഗസ്ഥനായ സിഐ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്ന് മര്‍ദ്ദനമേറ്റ യുവാവിന്റെ അമ്മ അഗസ്ത്യക്കോട് പുലിയത്ത് ഷീന മൊഴിനല്‍കിയതായാണ് വിവരം.

സിഐ മോഹന്‍ദാസിന്റെ വീടിന് സമീപത്ത് വെച്ചായിരുന്നു കെബി ഗണേഷ് കുമാര്‍ യുവാവിനെ മര്‍ദ്ദിച്ചത്. ബഹളംകേട്ട് പുറത്തിറങ്ങിയ സിഐ കാര്യങ്ങള്‍ അന്വേഷിക്കുന്നതിന് പകരം ഗണേശിനെയും ഡ്രൈവറേയും സംഭവസ്ഥലത്തുനിന്ന് രക്ഷിക്കാനാണ് ശ്രമിച്ചതെന്നാണ് നാട്ടുകാരും പറയുന്നത്. മര്‍ദ്ദനമേറ്റ അനന്തകൃഷ്ണന്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ സിഐ തടഞ്ഞതായും ആരോപണമുണ്ട്.

എംഎല്‍എയുടെ ക്രൂര മര്‍ദ്ദനം

തന്റെ കാറിന് കടന്ന് പോകാന്‍ സൈഡ് നല്‍കിയില്ലെന്ന് പറഞ്ഞായിരുന്നു ഗണേഷ് കുമാറും ഡ്രൈവറും ചേര്‍ന്ന് അനന്തകൃഷ്ണന്‍ എന്ന യുവാവിനെ മര്‍ദ്ദിച്ചത്. അഞ്ചല്‍ ശബരിഗിരിക്ക് സമീപമുള്ള മരണവീട്ടില്‍ പോയി മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മ ഷീനയും. അനന്തകൃഷ്ണനെ എംഎല്‍എയും ഡ്രൈവറും ചേര്‍ന്ന് തല്ലുകയും തടയാന്‍ ശ്രമിച്ച ഷീനയുടെ കൈയ്യില്‍ കടന്ന് പിടിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി. ഷീനയോട് താന്‍ ആരാണെന്ന് നിനക്കറിയില്ലെന്ന് ആക്രോശിച്ച്‌ ഗണേഷ് കുമാര്‍ മര്‍ദ്ദനം തുടരുകയായിരുന്നു. അവശനിലയിലായ അനന്തകൃഷ്ണനെ അഞ്ചലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തനിക്കറ്റ പരിക്ക് പോലീസിനെ ബോധ്യപ്പെടുത്തിയ ശേഷമായിരുന്നു അനന്തകൃഷ്ണന്‍ സ്റ്റേഷനില്‍ നിന്നും മടങ്ങിയത്.

മര്‍ദ്ദനമേറ്റ് ഒരു മണിക്കൂറിനുള്ളില്‍ത്തന്നെ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ ആദ്യം പോലീസ് തയാറായില്ല. എന്നാല്‍ എം എല്‍ എയുടെ ജീവനക്കാരന്‍ നല്‍കിയ പരാതിയില്‍ യുവാവിനും അമ്മയ്ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു. പിന്നീട് കോടതിയില്‍ മൊഴി നല്‍കാന്‍ ഷീനയ്ക്ക് നോട്ടീസ് നല്‍കി. ഇതേതുടര്‍ന്ന് മജിസ്ട്രേറ്റ് മുമ്ബാകെ ഷീന രഹസ്യമൊഴി രേഖപ്പെടുത്തുകയായിരുന്നു.

സ്ത്രീയെന്ന പരിഗണനപോലും നല്‍കാതെ എംഎല്‍‌എയും ഡ്രൈവറും തന്നെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തുവെന്നാരോപിച്ച്‌ ഷീന വനിതാ കമ്മീഷനില്‍ പരാതിയ നല്‍കിയിട്ടുണ്ട്. ഷീനയുടെ പരാതിയില്‍ തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ അറിയിച്ചു.

രാഷ്ട്രീയക്കാരാകുമ്ബോള്‍ ഇത്തരം ആരോപണങ്ങള്‍ സാധാരണമാണെന്നാണ് ഗണേഷ് കുമാര്‍ പ്രതികരിച്ചത്. തനിക്കെതിരെ ഉയര്‍ന്ന പരാതിയില്‍ കഴമ്ബില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. എം എല്‍എക്കെതിരെ ഉയര്‍ന്നിരിക്കുന്ന വ്യാജ പ്രചാരണങ്ങളെ ശക്തമായി നേരിടുമെന്ന് കേരളാ കോണ്‍ഗ്രസ് ബി നേതാക്കളും അറിയിച്ചു

 

Leave a Reply

Your email address will not be published. Required fields are marked *