തിരുവനന്തപുരം: പോലീസ് ഡ്രൈവര്‍ ഗവാസ്കറെ മര്‍ദ്ദിച്ച കേസില്‍ സ്വന്തം മകളെ രക്ഷിക്കാന്‍ എഡിജിപി സുധേഷ് കുമാര്‍ നടത്തിയ കള്ളക്കളികള്‍ പുറത്ത്. എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ചുവെന്ന് കാട്ടി ഗവാസ്കര്‍ പരാതി നല്‍കിയ ദിവസം വാഹനം ഓടിച്ചത് മറ്റൊരാളായിരുന്നു എന്ന് വരുത്തിതീര്‍ക്കാനാണ് എഡിജിപി ശ്രമിച്ചത്. ഇതിനായി ഡ്യൂട്ടി ബുക്കില്‍ ഗവാസ്കറിന് പകരം മറ്റൊരു പോലീസ് ഡ്രൈവറിന്റെ പേര് എഴുതിച്ചേര്‍ക്കുകയായിരുന്നുവെന്ന് കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം കണ്ടെത്തി. ഡ്യൂട്ടി രജിസ്റ്ററില്‍ ഗവാസ്കറിന്റെ പേര് തിരുത്തി ജെയ്സണ്‍ എന്ന ഡ്രൈവറുടെ പേരാണ് എഡിജിപി എഴുതിച്ചേര്‍ത്തത്. ഡ്യൂട്ടി രജിസ്റ്ററടക്കമുള്ള രേഖകള്‍ ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തു.
ഡ്യൂട്ടി ബുക്കില്‍ പേരുണ്ടായിരുന്ന ജെയ്സണെ അന്വേഷണസംഘം ചോദ്യം ചെയ്തു. എഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം താന്‍ പേര് ഡ്യൂട്ടി ബുക്കില്‍ എഴുതിച്ചേര്‍ക്കുകയായിരുന്നു എന്ന് ജെയ്സണ്‍ മൊഴി നല്‍കി. ആശുപത്രിയില്‍ നിന്നാണ് താന്‍ വാഹനം എടുത്തതെന്നും ജെയ്സണ്‍ പറഞ്ഞു. കേസ് അട്ടിമറിക്കാന്‍ എഡിജിപി തന്നെ ശ്രമിച്ചെന്ന് വ്യക്തമാക്കുന്നതാണ് ജെയ്സന്റെ മൊഴി. കനകക്കുന്നില്‍ പ്രഭാതസവാരിക്ക് കൊണ്ടുപോയി മടങ്ങിവരുമ്ബോള്‍ എഡിജിപിയുടെ മകള്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നായിരുന്നു ഗവാസ്കറുടെ പരാതി. കേസ് പിന്‍വലിക്കാന്‍ എഡിജിപി സമ്മര്‍ദ്ധം ചെലുത്തിയതായും ഗവാസ്കര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു.
ഗവാസ്കറിനെതിരെ എഡിജിപിയുടെമകള്‍ സ്നിഗ്ദ കുമാരിയുടെ പരാതിയും കെട്ടിച്ചമച്ചതാണെന്ന തെളിവുകളും ഇന്നലെ പുറത്തുവന്നിരുന്നു. ഗവാസ്കര്‍ തന്റെ കാലില്‍ പോലീസ് വാഹനം കയറ്റിയെന്നായിരുന്നു പരാതി. എന്നാല്‍ കാലില്‍ ഓട്ടോറിക്ഷ കയറി പരുക്കുപറ്റിയെന്നാണ് എഡിജിപിയുടെ മകള്‍ ചികിത്സിച്ച ഡോക്ടറോട് പറഞ്ഞത്. ഡോക്ടറുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. വനിതാ പോലീസിനെക്കൊണ്ട് ഗവാസ്കറിനെതിരെ പരാതി നല്‍കിക്കാനും ശ്രമം നടന്നിരുന്നതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഗവാസ്കര്‍ മോശം സ്വഭാവമുള്ളയാളാണെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രമം. എന്നാല്‍ ഇതും പൊളിയുകയായിരുന്നു.
തന്റെ മകള്‍ ഗവാസ്കറെ മര്‍ദ്ദിച്ചുവെന്ന ആരോപണം വ്യാജമാണ്. മോശം പെരുമാറ്റം കാരണം ഗവാസ്കറിനെ പലതവണ താക്കീത് ചെയ്തിരുന്നു. ഇതിന് പകരം വീട്ടാന്‍ തന്നെയും കുടുംബത്തേയും സമൂഹത്തിന് മുമ്ബില്‍ അപമാനിക്കാനാണ് ഗവാസ്കറുടെ ശ്രമമെന്നാരോപിച്ച് സുധേഷ് കുമാര്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. അശ്രദ്ധമായി വാഹനം ഓടിച്ചതുകൊണ്ടാണ് ഗവാസ്കറിന്റെ കഴുത്തിന് പരുക്ക് പറ്റിയതെന്നുമാണ് എഡിജിപി പരാതിയില്‍ പറഞ്ഞിരുന്നത്. തനിക്കും കുടുംബത്തിനും സുരക്ഷാഭീഷണിയുണ്ടെന്ന് വീടിന് നേരെ ആക്രമണങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എഡിജിപിയുടെ മകളുടെ മൊഴിയില്‍ പൊരുത്തക്കേടുകളുണ്ടെന്ന് ക്രൈം ബ്രാഞ്ച് സംഘത്തിന് ബോധ്യമായിട്ടുണ്ട്. എഡിജിപിയുടെയും ഭാര്യയുടേയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ സാക്ഷികളും തെളിവുകളുമുണ്ടോയെന്ന് ഉറപ്പാക്കിയ ശേഷം അന്തിമ നിഗമനത്തില്‍ എത്താമെന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിന്‍രെ തീരുമാനം. അതേസമയം അറസ്റ്റ് സാധ്യത മുന്നില്‍ക്കണ്ട് എഡിജിപി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
