പാലക്കാട്:ഭരണപ്രതിസന്ധി മൂലം വികസന പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയ തൃത്താല കെ.ബി.മേനോന് മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു.മാനേജരുടെ പേരില്‍ വ്യാജ ഒപ്പിട്ട് അധ്യാപക നിയമനത്തിന് ശ്രമിച്ചതിന്റെ പേരില്‍ സ്കൂളിലെ ഒരു അധ്യാപകനെ സസ്പെന്റ് ചെയ്ത സാഹചര്യത്തില്‍ കൂടുതല്‍ ക്രമക്കേടുകള്‍ ഒഴിവാക്കാന്‍ എത്രയും പെട്ടെന്ന് വിദ്യാലയം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ഈ ആവശ്യമുന്നയിച്ച് സ്കൂള്‍ സംരക്ഷണ സമിതി മാസങ്ങളായി രംഗത്തുണ്ട്.
സോഷ്യലിസ്റ്റ് നേതാവും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്ന ഡോ.കെ.ബി.മോനോന്റെ നേതൃത്വത്തില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആരംഭിച്ച തൃത്താല ഹൈസ്കുളിന്റെ മാനേജ്്മെന്റ് അവകാശം സംബന്ധിച്ചുള്ള തര്‍ക്കം ഏറെ കാലമായി കോടതിയിലാണ്.തര്‍ക്കം മൂലം സ്കൂളിലെ വികസനപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടിരിക്കുകയാണ്. രണ്ടു വര്‍ഷം മുമ്പ് പൊളിച്ച സ്കൂളിലെ പ്രധാന കെട്ടിടത്തിന്റെ സ്ഥാനത്ത് പുതിയ കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിച്ചെങ്കിലും മാനേജ്്മെന്റ് തര്‍ക്കത്തെ തുടര്‍ന്ന് ഇത് തടസ്സപ്പെട്ടിരിക്കുകയാണ്. കുട്ടികള്‍ക്ക് പഠിക്കാന്‍ മതിയായ ക്ലാസ് മുറികളില്ലെന്ന പരാതി ശക്തമാണ്.
ഇതിനിടെയാണ് സ്കൂളിലെ അധ്യാപകനായ ആര്.രാജേഷിനെ വ്യാജരേഖ ചമച്ചെന്ന കുറ്റത്തിന് വിദ്യാഭ്യാസ വകുപ്പ് സസ്പെന്റ് ചെയ്തത്. സ്കൂള്‍ മാനേജരായിരുന്ന പൊന്നേരി അബ്്ദുറഹ്്മാന്റെ വ്യാജ ഒപ്പിട്ട് പുതിയ അധ്യാപകരുടെ നിയമനത്തിന് വിദ്യാഭ്യാസ വകുപ്പിന് അപേക്ഷ നല്കി എന്ന തെറ്റിനാണ് അധ്യാപകനെ സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. ഒരു അധ്യാപകനെന്ന നിലയില്‍ സമൂഹത്തിന് മാതൃകയാകേണ്ട രാജേഷിന്റെ പ്രവൃത്തികള്‍ അധ്യാപക സമൂഹത്തിനും പൊതുവിദ്യാഭ്യാസ വകുപ്പിനും കളങ്കം ചാര്‍ത്തുന്ന തരത്തിലാണെന്ന് സസ്പെന്ഷന് ഉത്തവില്‍ (നമ്പര്‍-വിബി5,10866,2018,ഡി.പി.ഐ,04.07.2018) പൊതു വിദ്യാഭ്യാസ ഡയരക്ടര്‍ കെ.വി.മോഹന്‍കുമാര്‍ ഐ.എ.എസ്. ചൂണ്ടിക്കാട്ടിയിട്ടുണ്ട്.തൃത്താല എജുക്കേഷന്‍ സൊസൈറ്റി സെക്രട്ടറി കെ.വി.മുസ്തഫ മാസങ്ങള്‍ക്ക് മുമ്പ് നല്കിയ പരാതിയെ തുടര്‍ന്നാണ് ഡി.പി.ഐ.യുടെ നടപടി.
കെ.വി.മുസ്തഫയുടെ പരാതിയില്‍ 2018 ഫെബ്രുവരി 16,ജൂണ്‍ 12 തിയ്യതികളില്‍ വിദ്യാഭ്യാസ വകുപ്പിന്റെ വിജിലന്‍സ് വിഭാഗം ഒറ്റപ്പാലം ജില്ലാ വിദ്യാഭ്യാസ ഓഫീസിലും തൃത്താല ഹൈസ്കൂളിലും മാനേജരുടെ വീട്ടിലും നേരിട്ട് അന്വേഷണങ്ങള്‍ നടത്തിയിരുന്നു. വാര്‍ധക്യസഹജമായ അസുഖത്താല്‍ അവശനായ മാനേജരുടെ ഒപ്പ് വ്യാജമായി ഇട്ടാണ് സ്കൂളിലെ പുതിയ അധ്യാപകരുടെ നിയമനത്തിനായി അധ്യാപകനായ ആര്.രാജേഷ് വിദ്യാഭ്യാസ വകുപ്പിന് അപേക്ഷകള്‍ സമര്‍പ്പിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വ്യാജരേഖകള്‍ ഉപയോഗിച്ച് ആര്.രാജേഷും ഒറ്റപ്പാലം വിദ്യാഭ്യാസ ഓഫീസിലെ പേഴ്്സണല്‍ അസിസ്റ്റന്റ് വി.പി.രാധാകൃഷ്ണ്ന് എന്നിവര്‍ ചേര്‍ന്ന് ശ്രമങ്ങള്‍ നടത്തിയതായി കെ.വി.മുസ്തഫ തന്റെ പരാതിയില്‍ കുറ്റപ്പെടുത്തിയിരുന്നു. സ്കൂളില്‍ 15 അധ്യാപകരുടെ നിയനത്തിനായി 2017 ജൂണ്‍ ഒന്നിന് സമര്‍പ്പിക്കപ്പെട്ട അപേക്ഷകളില്‍ വ്യാജ ഒപ്പാണ് ഇട്ടിട്ടുള്ളതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
2017 ജൂണ്‍ 14 ന് തൃത്താല സ്കൂളിന്റെ നിയന്ത്രണം വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തിട്ടുണ്ട്. ഇതിന്റെ രണ്ടാഴ്ച മുമ്പാണ് ഏതാനും അധ്യാപകരുടെ നിയമനത്തിലുള്ള അപേക്ഷകളും രേഖകളും തിരക്കിട്ട് സമര്‍പ്പിക്കപ്പെട്ടത്. സ്കൂളിലെ കെട്ടിടത്തിന്റെ നിര്‍മാണത്തിനായി പല അധ്യാപകരില്‍ നിന്നും രണ്ട് ലക്ഷം രൂപ വീതം അധ്യാപകനായ രാജേഷ് വാങ്ങിയതായും അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മാനേജ്്മെന്റ് തര്‍ക്കത്തെ തുടര്‍ന്ന് സ്കളിന്റെ ഭരണം പ്രതിസന്ധിയിലായതായി സ്കൂള്‍ സംരക്ഷണസമിതി ആരോപിച്ചിരുന്നു. ഇതിനിടെ സ്്കൂള്‍ ബസുകളിലെ ജീവനക്കാരെ പുറത്താക്കിയത് സംബന്ധിച്ച തര്‍ക്കം ലോബര്‍ ഓഫീസറുടെ ഇടപെടലിനും ഇടയാക്കിയിരുന്നു.
സ്കൂളിന്റെ ഉടമസ്ഥാവകാശം ആര്‍ക്കെന്ന തര്‍ക്കം ഇപ്പോഴും നിലനില്‍ക്കുകയാണ്. വിദ്യാലയത്തിന്റെ നിയന്ത്രണം വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തത് താല്കാലികമാണ്. എ്ന്നാല്‍ പ്രശ്്നങ്ങള്‍ ശാശ്വതമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് നിയമനമുള്‍പ്പടെയുള്ള കാര്യങ്ങള്‍ പി.എസ്.സി.ക്ക് വിടണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്.
