റഷ്യക്കെതിരെ അമേരിക്ക ചുമത്തിയ പ്രതിരോധ ഉപരോധം ഇന്ത്യ പാലിക്കില്ലെന്ന് നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: റഷ്യക്കെതിരെ അമേരിക്ക ചുമത്തിയ പ്രതിരോധ ഉപരോധം ഇന്ത്യ പാലിക്കില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍. റഷ്യയില്‍ നിന്ന് എസ് -400 ട്രയംഫ് വ്യോമ പ്രതിരോധ മിസൈല്‍ വാങ്ങാനുള്ള കരാറില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് അവര്‍ വ്യക്തമാക്കി.

കൗണ്ടറിംഗ് അമേരിക്കാസ് അഡ്വേസറീസ് ത്രൂ സാംങ്ക്ഷന്‍ ആക്‌ട് (സി എ എ ടി എസ് എ- കാറ്റ്‌സാ) അനുസരിച്ചാണ് റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയത്. ഇതു പ്രകാരം റഷ്യയുമായി പ്രതിരോധ കരാറില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങള്‍ക്കെതിരെ യു എസ് ഉപരോധം വരും.

ഇന്ത്യ നേരത്തെ റഷ്യയുമായി ഒപ്പുവെച്ച മിസൈല്‍ കരാറില്‍ നിന്ന് പിന്‍വാങ്ങണമെന്ന് യു എസ് ശഠിച്ചിരുന്നു. എന്നാല്‍ കാറ്റ്‌സാ യു എസ് കോണ്‍ഗ്രസ് പാസാക്കിയ നിയമമാണെന്നും യു എന്‍ നിയമമല്ലെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു. അതുകൊണ്ട് തന്നെ അത്തരമൊരു നിയമം ഇന്ത്യ അനുസരിക്കേണ്ടതില്ല. ഈ നിലപാട് യു എസിനെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

എസ് 400 മിസൈല്‍ വാങ്ങാനുള്ള കരാര്‍ അന്തിമ ഘട്ടത്തിലാണ്. കരാര്‍ ഒപ്പു വെച്ച്‌ രണ്ടര മുതല്‍ നാല് വര്‍ഷത്തിനകം നടപ്പാക്കാനാകും. 4000 കിലോമീറ്റര്‍ വരുന്ന ഇന്ത്യ- ചൈനാ അതിര്‍ത്തിയില്‍ വിന്യസിക്കാനാണ് ലോംഗ് റേഞ്ച് മിസൈല്‍ പ്രതിരോധ സംവിധാനം ഇന്ത്യ റഷ്യയില്‍ നിന്ന് വാങ്ങുന്നത്.

2016ലാണ് ഇന്ത്യയും റഷ്യയും ട്രയംഫ് മിസൈല്‍ പ്രതിരോധ കരാറില്‍ ഒപ്പുവെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *