രാഹുലിന്റെ അമ്മ വിദേശിയാണെന്ന പരാമര്‍ശം:ബി.എസ്.പി നേതാവിനെ പുറത്താക്കി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അമ്മ വിദേശിയായതിനാല്‍ രാഹുലിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധിക്കില്ലെന്ന വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് മുതിര്‍ന്ന ബി.എസ്.പി നേതാവ് ജയ് പ്രകാശ് സിങിനെ പാര്‍ട്ടി നാഷണല്‍ കോഓര്‍ഡിനേറ്റര്‍ സ്ഥാനത്തുനിന്ന് നീക്കി.

ജയ് പ്രകാശ് സിങ് പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങള്‍ ലംഘിച്ചെന്നും പാര്‍ട്ടിയുടെ ആശയങ്ങള്‍ക്ക് വിരുദ്ധമായി മറ്റു പാര്‍ട്ടിയിലെ നേതാവിനെ വ്യക്തിഹത്യ നടത്തിയെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ പാര്‍ട്ടിയിലെ സ്ഥാനങ്ങളില്‍നിന്ന് പുറത്താക്കുന്നതെന്ന് പാര്‍ട്ടി അധ്യക്ഷ മായാവതി അറിയിച്ചു. രാഹുലിനെക്കുറിച്ച്‌ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും മായവതി കൂട്ടിച്ചേര്‍ത്തു.

രാഹുലിന് അച്ഛനെക്കാള്‍ കൂടുതല്‍ അമ്മയുടെ മുഖഛായയാണുള്ളതെന്നും ജയ് പ്രകാശ് സിങ് അഭിപ്രായപ്പെട്ടിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കാന്‍ വിളിച്ചു ചേര്‍ത്ത പാര്‍ട്ടി പ്രവര്‍ത്തരുടെ യോഗത്തിലായിരുന്നു ജയ് പ്രകാശ് സിങ് ഈ വിവാദ പരാമര്‍ശം നടത്തിയത്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ യോഗ്യതയുള്ളത് മായാവതിക്കാണെന്നും യോഗം വിലയിരുത്തിയിരുന്നു.

എച്ച്‌.ഡി. കുമാരസ്വാമിയെ കര്‍ണാടക മുഖ്യമന്ത്രി പദത്തിലെത്തിച്ചതിലൂടെ രാജ്യത്തെ ഏറ്റവും കരുത്തയായ രാഷ്ട്രീയ നേതാവാണെന്ന് മായവതി തെളിയിച്ചിരിക്കുകയാണെന്നും, തിരഞ്ഞെടുപ്പ് യുദ്ധത്തില്‍ മോദിയുടെയും അമിത് ഷായുടെയും കുതിപ്പ് തടയാന്‍ മായാവതിക്കെ സാധിക്കൂവെന്നും ദേശീയ കോഓര്‍ഡിനേറ്ററായ ജയ് പ്രകാശ് സിങും അവകാശപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *