ശബരിമല പ്രവേശനം: ക്ഷേ​ത്ര​പ്ര​വേ​ശ​ന​ത്തി​ന് ആ​ര്‍​ത്ത​വം അ​യോ​ഗ്യ​ത​യാ​ണെ​ങ്കി​ല്‍ മാ​തൃ​ത്വം കു​റ്റ​മാ​ണെ​ന്ന് സ്പീ​ക്ക​ര്‍

തിരുവനന്തപുരം: ശബരിമല പ്രവേശനത്തില്‍ സ്ത്രീ പ്രവേശനം ബന്ധപ്പെട്ട സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിന്‍റെ നിരീക്ഷണത്തെ പിന്തുണച്ച്‌ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. ക്ഷേത്രപ്രവേശനത്തിന് ആര്‍ത്തവം അയോഗ്യതയാണെങ്കില്‍ മാതൃത്വം കുറ്റമാണെന്നും അമ്മയാകാനുള്ള ശേഷിയുടെ പ്രതീകമായ ആര്‍ത്തവം ഒരു കുറ്റമായി ആധുനിക സമൂഹം എങ്ങനെയാണ് സ്വീകരിക്കുകയെന്നും സ്പീക്കര്‍ ചോദിക്കുന്നു.

പി.ശ്രീരാമകൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പ്രസക്തഭാഗങ്ങള്‍..

ശബരിമലക്ഷേത്രത്തിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി യുടെ ഭരണഘടനാ ബഞ്ചിന്‍റെ നിരീക്ഷണം അങ്ങേയറ്റം പ്രസക്തമാണ്. ദൈവത്തില്‍ വിശ്വസിക്കാനും ആരാധിക്കുവാനുമുള്ള അവകാശം എല്ലാ മനുഷ്യര്‍ക്കും ഒരുപോലെയാണെന്നിരിക്കെ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ സ്ത്രീയായി പോയതുകൊണ്ട് മാത്രം നിഷേധിക്കുന്നതു ശരിയാണോ?. ആര്‍ത്തവകാലം അവസാനിച്ചതിനുശേഷം മാത്രമേ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പറ്റൂ, ആരാധന നടത്താന്‍ പറ്റൂ എന്ന് പറയുന്നത് ആര്‍ത്തവത്തെ ഒരു കുറ്റകരമായ അയോഗ്യതയായി കാണുന്നതിന് തുല്യമാണ്. ആര്‍ത്തവം അയോഗ്യതയാണെങ്കില്‍ മാതൃത്വം കുറ്റമാണ്.

ഒരു മാതാവിന്‍റെ ഗര്‍ഭത്തില്‍നിന്ന് പുറത്തുവരാതെ ഈ ലോകത്ത് ഒരു മനുഷ്യനും പിറക്കാനിടയില്ലായെന്നിരിക്കെ എങ്ങനെയാണ് അമ്മയാകാനുള്ള ശേഷിയുടെ പ്രതീകമായ ആര്‍ത്തവം ഒരു കുറ്റമായി ആധുനിക സമൂഹം സ്വീകരിക്കുക? ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്‍തുടരുന്നത് നല്ലതാണ്. പക്ഷേ ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അടിസ്ഥാന അവകാശങ്ങള്‍ ലംഘിച്ചുകൊണ്ടാകരുത് അത്.

ദശാബ്ദങ്ങള്‍ക്ക് മുന്പ് കേരളത്തില്‍ ദളിതര്‍ക്ക് മേല്‍വസ്ത്രം ധരിക്കാനവകാശമുണ്ടായിരുന്നില്ല. ക്ഷേത്രങ്ങളില്‍ പ്രവേശനമുണ്ടായിരുന്നില്ല. അതെല്ലാം ആചാരങ്ങളായിരുന്നു. അതൊന്നും ഇന്ന് നിലനില്‍ക്കുന്നില്ല. ദൈവത്തിന്‍റെ മുന്നില്‍ തുല്യത പ്രാപിക്കാനുള്ള മനുഷ്യന്‍റെ അവകാശത്തിനു മുന്നില്‍ ഇനിയും തടസം നില്‍ക്കണോ എന്നത് ചിന്തിക്കേണ്ട കാര്യമാണ്. വീണ്ടും പറയുന്നു ആര്‍ത്തവം അയോഗ്യതയെങ്കില്‍ ഗര്‍ഭം പാതകമെങ്കില്‍ മാതൃത്വം കുറ്റമാണെന്ന് പറയേണ്ടിവരും. മാതൃത്വത്തെ കുറ്റമായി കാണുന്ന ഒരു സമൂഹം അങ്ങേയറ്റത്തെ അസംബന്ധ ജഡിലമായ പാരന്പര്യത്തെയാണ് പിന്‍പറ്റുന്നത്. കൂരിരുട്ടിലുള്ള സമൂഹമാണെന്നുതന്നെ വിലയിരുത്തേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *