ചെന്നൈ: അധ്യാപികയുടെ മര്‍ദനത്തില്‍ സ്‌കൂളിന്റെ കോണിപ്പടിയില്‍ നിന്നു വീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. ചെന്നൈ കോര്‍പ്പറേഷന്‍ പ്രൈമറി സ്‌കൂളിലെ അധ്യാപികയായ ധരണി ഭായ് വിദ്യാര്‍ത്ഥിയെ ദേഷ്യത്തില്‍ പിടിച്ച് തള്ളുകയായിരുന്നു. നില തെറ്റി കുട്ടി കോണിപ്പടിയിലൂടെ താഴേയ്ക്ക് വീണു. മറ്റ് വിദ്യാര്‍ത്ഥികള്‍ ഇതിന് ദൃക്‌സാക്ഷികളായിരുന്നു.
ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും സാരമായ പരിക്കുകള്‍ ഏറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. അധ്യാപികയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മീഷനും സ്വമേധയ കേസെടുത്തു.
എന്നാല്‍ ആദ്യം പരാതി സ്വീകരിച്ച പോലീസ് പിന്നീട് അധ്യാപികയെ രക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന ആരോപണമുയരുന്നു. കുട്ടിയുടെ അമ്മയെ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പോലീസ് ഇന്‍സ്‌പെക്ടര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ കൂടുതല്‍ കുട്ടികള്‍ അധ്യാപികയ്‌ക്കെതിരെ മൊഴി നല്‍കി.
