ഹനാനെ സോഷ്യല്‍ മീഡയയിലൂടെ അധിക്ഷേപിക്കുന്നവര്‍ സൂക്ഷിക്കുക; നിങ്ങള്‍ പോലീസ് നിരീക്ഷണത്തിലാണ്

തിരുവനന്തപുരം: കേരള ജനതയെ പിടിച്ചുകുലുക്കി ജനശ്രദ്ധനേടിയ ഹനാന്‍ എന്ന പെണ്‍കുട്ടിയെ സോഷ്യല്‍ മീഡയയിലൂടെ അധിക്ഷേപിക്കുന്നവര്‍ സൂക്ഷിക്കണം നിങ്ങള്‍ പോലീസ് നിരീക്ഷണത്തിലാണ്.

പഠനത്തിനിടെ മത്സ്യവ്യാപാരം നടത്തി ജീവിക്കാന്‍ വരുമാനം കണ്ടെത്തുന്ന പെണ്‍കുട്ടിയെ സമൂഹമാധ്യമങ്ങള്‍ തന്നെയാണ് ആദ്യം പാലൂട്ടി വളര്‍ത്തിയതും പിന്നെ തിരിഞ്ഞ് കൊത്തിയതും. ഹനാന്റെ കഠിനാധ്വാനത്തെ വനോളം പുകഴ്ത്തിയ മലയാളികള്‍ തന്നെ പിന്നീട് സിനിമാപ്രമോഷന്റെ ഭാഗമായി സംഭവം കെട്ടിച്ചമച്ചതാണെന്ന ആരോപണങ്ങളും വിമര്‍ശനങ്ങളും കൊണ്ട് പെണ്‍കുട്ടിയെ പൊതിയുകയാണ്.

ഇതാണ് കേരളാ പോലീസിന്റെ സൈബര്‍ സുരക്ഷാ വിഭാഗം ഇക്കാര്യം വിശദമായി പരിശോധിക്കുന്നത്. ഫോര്‍വേഡ് മെസേജുകള്‍ നിയന്ത്രിക്കുന്നതിനായി അടുത്തിടെ വാട്‌സ്‌ആപ്പ് നടപ്പിലാക്കിയ പുതിയ സുരക്ഷാ സംവിധാനം ഉപയോഗിച്ച്‌ പോലീസിന് ഇത്തരക്കാരെ അനായാസം കണ്ടെത്താന്‍ കഴിയും. സംഭവത്തില്‍ പരാതിയൊന്നും കിട്ടിയിട്ടില്ലെങ്കിലും ഇത്തരക്കാര്‍ പോലീസിന്റെ നിരീക്ഷണത്തിലാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. വിവിധ ഫേസ്ബുക്ക് ഗ്രൂപ്പുകളും പോലീസ് നിരീക്ഷണത്തിലാണ്.

കഴിഞ്ഞ ദിവസമാണ് കൊച്ചി കമ്മനത്ത് കോളേജ് യൂണിഫോമില്‍ മത്സ്യവ്യാപാരം നടത്തുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയുടെ കഥ വാര്‍ത്തയായത്. ഇതിന് പിന്നാലെ കുട്ടിക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തുകയും തന്റെ പ്രണവ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവസരം നല്‍കുമെന്ന് സംവിധായകന്‍ അരുണ്‍ ഗോപി അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് വ്യാജ പ്രചാരണങ്ങള്‍ ആരംഭിക്കുന്നത്. വാര്‍ത്ത വ്യാജമാണെന്നും അരുണ്‍ ഗോപിയുടെ സിനിമയുടെ പ്രചാരണാര്‍ത്ഥം നടത്തിയ നാടകമാണുമായിരുന്നു ആരോപണം.

തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ ഹനാനെ അവഹേളിക്കുന്ന രീതിയില്‍ നിരവധി കമന്റുകളും ട്രോളുകളും പ്രത്യക്ഷപ്പെട്ടു. ഒരു രാത്രിക്ക് എത്ര രൂപയാണ് റേറ്റ് എന്ന തരത്തിലുള്ള അശ്ലീല കമന്റുകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാദ്ധ്യമ പ്രവര്‍ത്തകന് നേരെയും സൈബര്‍ ആക്രമണം നീണ്ടു. അതേസമയം, വാര്‍ത്തയ്ക്ക് പിന്നില്‍ തന്റെ സിനിമയുടെ പബ്ലിസിറ്റി സ്റ്റണ്ടല്ലെന്ന് വിശദീകരിച്ച്‌ അരുണ്‍ ഗോപി ഇന്ന് രാവിലെ രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *