ഹനാനെതിരെ അപവാദ പ്രചരണം അഴിച്ചുവിട്ടവര്‍ക്കെതിരെ കേസെടുക്കണമെന്ന് വി.എസ്

തിരുവനന്തപുരം: കോളേജ് യൂണിഫോം ധരിച്ച്‌ മീന്‍ വിറ്റ ഹനാന്‍ എന്ന പെണ്‍കുട്ടിയെ സമൂഹമാധ്യമങ്ങളിലൂടെ സംഘടിതമായ അപവാദ പ്രചരണം അഴിച്ചുവിട്ടവര്‍ക്കെതിരെ സൈബര്‍ നിയമപ്രകാരം കേസെടുക്കണമെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍.

അഭിമാനം പണയം വയ്ക്കാതെ തൊഴിലിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച്‌ എല്ലാ പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്ത് സ്വന്തം നിലനില്‍പിനും പഠനത്തിനുമുള്ള വക തേടിയ ഹനാനെ അഭിനന്ദിക്കുന്നു. എന്നാല്‍, വസ്തുതകള്‍ മനസിലാക്കുക പോലും ചെയ്യാതെ, പാവപ്പെട്ടവരുടെ അതിജീവനത്തിനായുള്ള പോരാട്ടങ്ങളെ അപമാനിക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ചവര്‍ വലിയ കുറ്റമാണ് ചെയ്തിട്ടുള്ളത്. ഒരു വിധ സാമൂഹ്യ ഉത്തരവാദിത്വങ്ങളുമില്ല എന്ന മട്ടില്‍ ഒരു പെണ്‍കുട്ടിയെ സമൂഹമദ്ധ്യത്തില്‍ ഇകഴ്ത്തിക്കാട്ടാനും നശിപ്പിക്കാനും നടത്തിയ ശ്രമങ്ങളെ അപലപിക്കുന്നു. ആ പെണ്‍കുട്ടിക്ക് പിന്തുണ നല്‍കാന്‍ മുന്നോട്ടുവന്ന എല്ലാ സുമനസ്സുകളെയും അഭിനന്ദിക്കുന്നു.

കാര്യങ്ങള്‍ ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. ഈ പെണ്‍കുട്ടിക്ക് നേരേ നടന്ന നവമാദ്ധ്യമ ആക്രമണങ്ങളുടെ പിന്നാമ്ബുറങ്ങളടക്കം അന്വേഷിച്ച്‌ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള ബാദ്ധ്യത പൊലീസ് നിറവേറ്റണമെന്നും വി.എസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *