അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിലെ മുഴുവന്‍ ആനുകൂല്യങ്ങളും വര്‍ധിപ്പിക്കും: മന്ത്രി ടി പി രാമകൃഷ‌്ണന്‍

കണ്ണൂര്‍:  അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിലെ മുഴുവന്‍ ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുമെന്ന‌് തൊഴില്‍ മന്ത്രി ടി പി രാമകൃഷ‌്ണന്‍ പറഞ്ഞു. സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ പുതുതായി ഉള്‍പ്പെടുത്തിയ വിഭാഗങ്ങളുടെ സംസ്ഥാനതല അംഗത്വവിതരണം ഉദ‌്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേമപദ്ധതിയില്‍ അടച്ച മുഴുവന്‍ തുകയും പിരിഞ്ഞു പോകുന്ന സമയത്ത‌് തൊഴിലാളികള്‍ക്ക‌് ലഭ്യമാകുന്ന വിധത്തില്‍ പദ്ധതി ഭേദഗതി ചെയ്യും. അംഗങ്ങള്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയാലും പിരിഞ്ഞുപോകുന്ന സമയത്ത‌് മുഴുവന്‍ പണവും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

എല്‍ഡിഎഫ‌് സര്‍ക്കാരിന്റെ രണ്ടുവര്‍ഷത്തെ ഭരണം കൊണ്ട‌് സംസ്ഥാനത്ത‌് തൊഴിലാളി ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ അഭൂതപൂര്‍വമായ കുതിപ്പാണ‌് ഉണ്ടായിട്ടുളളത‌്. സര്‍ക്കാര്‍ ഒപ്പമുണ്ടെന്നത‌് വെറുമൊരു പ്രചരണം മാത്രമല്ലെന്ന‌് ജനങ്ങള്‍ക്ക‌് അനുഭവിച്ചറിയാന്‍ സാധിച്ചു. ജനക്ഷേമവും വികസനവും ഒരുമിച്ചാണ‌് കൊണ്ടുപോകുന്നത‌്. രണ്ടു വര്‍ഷത്തിനുള്ളില്‍ സംതൃപ‌്തമായ തൊഴില്‍ മേഖല സൃഷ‌്ടിച്ചു. തൊഴില്‍﹣നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറ്റി. ഈ അന്തരീക്ഷം നിലനിര്‍ത്തുന്നതിന‌് മുഴുവന്‍ ട്രേഡ‌് യൂണിയന്‍ സംഘടനകളുടെയും പിന്തുണവേണം. തൊഴില്‍ ക്ഷേമം ഉറപ്പാക്കി തൊഴിലാളികളെക്കൂടി വികസന പ്രക്രിയയില്‍ അണിചേര്‍ക്കുകയാണ‌് സര്‍ക്കാരിന്റെ ലക്ഷ്യം.

അസംഘടിത മേഖലയിലെ 19 വിഭാഗം തൊഴിലാളികളെയാണ‌് പുതുതായി സാമൂഹ്യസുരക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത‌്. നാമമാത്ര ആനുകൂല്യങ്ങള്‍ മാത്രമാണ‌് നിലവിലുള്ളത‌്. അവ അടുത്ത‌ ബോര്‍ഡ‌് യോഗത്തില്‍ വര്‍ധിപ്പിക്കും. കൂടാതെ മരണാനന്തര സഹായം കുടുംബങ്ങള്‍ക്ക‌് ലഭ്യമാക്കും. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ നിലവില്‍ മാസത്തില്‍ അമ്ബത‌് രൂപയാണ‌് അംശദായം അടക്കേണ്ടത‌്. അമ്ബത‌് രൂപ ഉടമയും അടക്കണം. സ്വയംതൊഴില്‍ ചെയ്യുന്നവരാണെങ്കില്‍ നൂറ‌് രൂപ അടക്കേണ്ടി വരും. ജില്ലാ സഹകരണ ബാങ്കുകള്‍ മുഖേന അംശദായം അടക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തും. ഉയര്‍ന്ന ആനുകൂല്യം നല്‍കുന്ന ബോര്‍ഡായി അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡിനെ മാറ്റും.

പെന്‍ഷന്‍ ആനുകൂല്യം ഉള്‍പ്പെടെ സര്‍ക്കാര്‍ സഹായത്തോടെയാണ‌് ഇപ്പോള്‍ ബോര്‍ഡ‌് നല്‍കുന്നത‌്. സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലും പാവപ്പെട്ടവരുടെ അവകാശമായ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കുടിശ്ശികയില്ലാതെ നല്‍കുകയാണ‌് സര്‍ക്കാരിന്റെ ലക്ഷ്യം. ചികിത്സാധനസഹായം ലഭ്യമാക്കുന്നതിന‌് സര്‍ക്കാരിന്റെ ചിസ‌്, ചിസ‌്പ്ലസ‌് ആരോഗ്യപദ്ധതിയില്‍ മുഴുവന്‍ തൊഴിലാളികളെയും ഉള്‍പ്പെടുത്തും. പദ്ധതിയില്‍ അംഗമാകാന്‍ കഴിയാത്തവര്‍ക്ക‌് മറ്റൊരു പദ്ധതിയും ആലോചനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *