ലക്‌നൗ: വജ്ര വ്യാപാരികളായ നീരവ് മോദി, അമ്മാവന്‍ മെഹുല്‍ ചോക്സി എന്നിവരുമായുള്ള അടുപ്പത്തെ ചൊല്ലി തന്റെ പ്രതിക്കൂട്ടിലാക്കുന്ന പ്രതിപക്ഷത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. വ്യവസായികള്‍ രാജ്യത്തിന്റെ വികസനത്തില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നതെന്നും അതിനാല്‍ തന്നെ അവര്‍ക്കൊപ്പം നില്‍ക്കാന്‍ തനിക്ക് യാതൊരു ഭയവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശില്‍ 81 പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയാണ് വ്യവസായികള്‍ എന്നും നിലകൊണ്ടിട്ടുള്ളത്. മറ്റു ചിലരെപ്പോലെ, അവര്‍ക്കൊപ്പം നില്‍ക്കുന്നതിനെ ഒരിക്കലും പേടിക്കുന്ന ഒരാളല്ല ഞാന്‍.വ്യവസായികളെ നിന്ദിക്കേണ്ട ആവശ്യം എന്താണെന്ന് ഇതുവരെ മനസിലായിട്ടില്ല. എന്തിനാണവരെ കള്ളന്മാരെന്ന് വിളിക്കുന്നത്? എനിക്ക് ശരിയെന്ന് ബോദ്ധ്യമുള്ളതാണ് ചെയ്യുന്നത്. സ്വാതന്ത്ര്യ സമരകാലത്ത് കോണ്‍ഗ്രസിനെ പിന്തുണച്ച വ്യവസായ പ്രമുഖന്‍ ബിര്‍ളയുടെ വീട്ടില്‍ മഹാത്മാ ഗാന്ധി താമസിച്ചിട്ടില്ലേ- മോദി ചോദിച്ചു.
പൊതുജനങ്ങളെ അഭിമുഖീകരിക്കാന്‍ മടി കാണിക്കുന്ന ചിലരുണ്ട്. അവര്‍ എപ്പോഴും തിരശീലയ്ക്ക് പിന്നില്‍ നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. വ്യവസായികളെ ഒരിക്കല്‍ പോലും ബഹുമാനിക്കാത്ത എത്ര പേര്‍ ഉണ്ടെന്ന് അറിയാമോ? ഇവരുടെയൊക്ക വിമാനത്തിലാണ് വ്യവസായികളെ നിന്ദിക്കുന്നവര്‍ സഞ്ചരിക്കുന്നതെന്ന കാര്യവും അവര്‍ക്ക് അറിയുമോയെന്നും മോദി ചോദിച്ചു.
60,000 കോടിയുടെ 81 പദ്ധതികള്‍
ഉത്തര്‍പ്രദേശില്‍ 60,000 കോടിയുടെ 81 പദ്ധതികള്‍ക്ക് മോദി തുടക്കം കുറിച്ചു. ഇത്രയും മുതല്‍മുടക്കില്‍ നിരവധി പദ്ധതികള്‍ ഒന്നിച്ച് നടപ്പാക്കുന്നത് റെക്കാഡാണെന്ന് മോദി പറഞ്ഞു. ഡിജിറ്റല്‍ ഇന്ത്യ, മേക്ക് ഇന്‍ ഇന്ത്യ പദ്ധതികള്‍ക്ക് പുതിയ ദിശാബോധം നല്‍കുന്നതായിരിക്കും ഈ കാല്‍വയ്‌പ്. ഡിജിറ്റല്‍ രംഗത്ത് അടിസ്ഥാനസൗകര്യ വികസനം വരുന്നതോടെ ഉത്തര്‍പ്രദേശിന്റെ മുഖച്ഛായ തന്നെ മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പദ്ധതികള്‍ പൂര്‍ണ തോതില്‍ നടപ്പാകുന്നതോടെ രണ്ട് ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് യു.പി വ്യവസായ മന്ത്രി സതീഷ് മഹാന പറഞ്ഞു.
ഊര്‍ജ്ജോല്പാദനം, അടിസ്ഥാനസൗകര്യവികസനം, ഐ.ടി, ഇലക്‌ട്രോണിക് രംഗത്തെ വികസനം, വിനോദസഞ്ചാര വളര്‍ച്ച തുടങ്ങിയവയ്ക്കായി 4.28 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി നടത്തിയ നിക്ഷേപ സംഗമത്തിന് പിന്നാലെ 60,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് ധാരണയായത് മികച്ച നേട്ടമാണ്. റിലയന്‍സ് ജിയോ 10,000 കോടിയും ബി.എസ്.എന്‍.എല്‍ 5000 കോടി രൂപയുമാണ് ഉത്തര്‍പ്രദേശില്‍ നിക്ഷേപിക്കുന്നത്. ഇന്‍ഫോസിസ് (5000 കോടി), ടി.സി.എസ് (2500 കോടി), അദാനി പവര്‍ (2500 കോടി), പേ.ടി.എം (3500 കോടി) എന്നിവയും നിക്ഷേപ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
