തിരുവനന്തപുരം: കേരളം കൈവരിച്ച നേട്ടങ്ങളെയാകെ ഇല്ലാതാക്കുന്നതാണ് സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ നടക്കുന്ന രാഷ്ട്രീയ അക്രമങ്ങളെന്നും ഇത് ദൗര്‍ഭാഗ്യകരമാണെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. കേരളത്തിന്റെയും അവിടത്തെ ജനങ്ങളുടെയും തിളങ്ങുന്ന പാരമ്ബര്യത്തോട് നീതി ചെയ്യുന്നതല്ല ഇത്. ഇത്തരം പ്രവണതകള്‍ വളരുന്നത് തടയാന്‍ രാഷ്ട്രീയപാര്‍ട്ടികളും പ്രബുദ്ധരായ ജനങ്ങളും ഉയര്‍ന്ന് പ്രവര്‍ത്തിക്കേണ്ടത് പ്രധാനമാണെന്നും രാഷ്ട്രപതി പറഞ്ഞു. കേരള നിയസഭയുടെ വജ്രജൂബിലി ആഘോഷത്തിന്റെ സമാപനം കുറിച്ചുള്ള ‘ജനാധിപത്യത്തിന്റെ ഉത്സവം’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി.
സംവാദങ്ങളും എതിര്‍പ്പുകളും വിയോജിപ്പുകളുമെല്ലാം തീര്‍ത്തും അംഗീകരിക്കാവുന്നതും സ്വീകരിക്കപ്പെടേണ്ടതുമാണ്. എന്നാല്‍ നമ്മുടെ ഭരണഘടനയില്‍ അക്രമങ്ങള്‍ക്ക് സ്ഥാനമില്ല. ഈ ‘ജനാധിപത്യത്തിന്റെ ഉത്സവ’ത്തില്‍ ഇതേക്കുറിച്ച് അല്പം ചിന്തകള്‍ മാറ്റിവയ്ക്കുന്നത് നന്നായിരിക്കും. ഇക്കാര്യത്തില്‍ ഗൗരവതരമായ ആലോചനകള്‍ രാജ്യത്തെയും കേരളത്തിലെയും ജനങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. സംവാദം, പരസ്പര ബഹുമാനം, മറ്റൊരാളുടെ ആശയത്തെ അംഗീകരിക്കുക എന്നതൊക്കെയാണ് കേരള സമൂഹത്തിന്റെ സവിശേഷതകളായി വിലയിരുത്തപ്പെടുന്നത്. മലയാളികളെ രാജ്യത്തിന്റെ ചിന്താനേതാക്കളായി മാറ്റിയതും ഇതാണ്. ഇത് പൗരസമൂഹത്തെ സ്വാധീനിക്കുകയും ഈ സഭയുടെ പ്രവര്‍ത്തനത്തെ കഴിഞ്ഞ 60 വര്‍ഷമായി നടത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു. എന്നാല്‍, രാഷ്ട്രീയ അക്രമങ്ങള്‍ ഇതിന് തീര്‍ത്തും വിരുദ്ധമായി നില്‍ക്കുന്നു.
ഭൂപരിഷ്കരണം മുതല്‍ പഞ്ചായത്തിരാജ് വരെയും സാക്ഷരത മുതല്‍ ആരോഗ്യസംരക്ഷണം വരെയും കേരളത്തിലെ ജനങ്ങള്‍ പലതും നേടിയിട്ടുണ്ട്. ഈ സഭയിലാണ് ഇതിനുള്ള നിയമങ്ങള്‍ രൂപപ്പെട്ടത്. ഇതാണ് കേരള മാതൃകയെന്ന സാമൂഹിക നേട്ടത്തിലേക്ക് കേരളത്തെ എത്തിച്ചത്. സംതൃപ്തിയോടെ പിന്നോട്ട് തിരിഞ്ഞു നോക്കുമ്ബോള്‍ പ്രത്യാശയോടെ ഭാവിയേയും നോക്കിക്കാണേണ്ടതുണ്ട്. സാമൂഹികരംഗത്തെ നിക്ഷേപങ്ങളിലൂടെ ഈ നാട്ടിലെ പ്രതിഭാശാലികള്‍ക്ക് രാജ്യത്തിന്റെ സമ്ബദ്‌വ്യവസ്ഥയില്‍ മാത്രമല്ല, ലോകത്തിന്റെ പലഭാഗത്തും സംഭാവനകള്‍ നല്‍കാന്‍ കഴിയുന്നുണ്ട്. കേരളത്തിലെ യുവത്വം ഏറെ മൂല്യവത്താണ്. ഇത് ഇവിടുത്തെ മാനുഷിക മൂലധനവുമാണ്. കേരള മാതൃകയുടെ രണ്ടാംഘട്ടത്തില്‍ ഇവിടുത്തെ യുവത്വത്തിന് ഇവിടെ തന്നെ കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കാന്‍ ശ്രമിക്കണം. രാജ്യത്തെവിടെയും ഇവരുടെ പ്രവര്‍ത്തനം സ്വാഗതം ചെയ്യപ്പെടുന്നുണ്ടെങ്കിലും വ്യാവസായികമേഖലയില്‍ കേരളത്തിന്റെ ഓഹരി അഭിസംബോധന ചെയ്യണമെങ്കില്‍ ഇവര്‍ അനിവാര്യമാണ്. കഴിഞ്ഞ നൂറ്റാണ്ടുകളിലും ചര്‍ച്ചകളേയും സംവാദങ്ങളേയും പ്രോത്സാഹിപ്പിച്ചിരുന്ന സാമൂഹിക ചട്ടക്കൂടായിരുന്നു കേരളത്തിന്റേത്. ആദിശങ്കരാചാര്യ, ശ്രീ നാരായണഗുരുദേവന്‍, അയ്യങ്കാളി തുടങ്ങിയ പരിഷ്കര്‍ത്താക്കളുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് ഇതിന് സഹായിച്ചത്. കേരളത്തിന്റെ ഡി.എന്‍.എയില്‍ ഇപ്പോഴും സംരക്ഷിക്കപ്പെടുന്ന വിദ്യാഭ്യാസത്തിന്റെ സംസ്കാരവും സംവാദവും പരസ്പരം അംഗീകരിക്കലുമാണ് പ്രധാനം. അത് പൊതുജീവിതത്തിലും നിയമസഭയിലും സംരക്ഷിക്കപ്പെടണമെന്നും രാഷ്ട്രപതി പറഞ്ഞു.
മുന്‍ മുഖ്യമന്ത്രിമാരെ പേരെടുത്ത് പറഞ്ഞ് രാഷ്ട്രപതി
കേരള നിയമസഭയുടെ സവിശേഷതകളെ വിവരിക്കവേ, ആദ്യ മുഖ്യമന്ത്രി ഇ.എം.എസ് മുതലിങ്ങോട്ടുള്ള വിവിധ മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും മറ്റും പേരെടുത്ത് ഓര്‍മ്മിപ്പിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഉദ്ഘാടനപ്രസംഗം. കഴിഞ്ഞ അറുപത് വര്‍ഷമായി അപൂര്‍വമായ കഴിവുകളുള്ള പൊതുപ്രതിധികളുടെ യുക്തിയും ശബ്ദവുകൊണ്ട് ശക്തിപ്പെടാനുളള ഭാഗ്യം ലഭിച്ചതാണ് ഈ നിയമസഭയെന്ന് പറഞ്ഞാണ് മഹാന്മാരായ നേതാക്കളിലേക്ക് അദ്ദേഹം കടന്നതയ മറ്റുള്ളവരോടൊപ്പം മഹദ്‌വ്യക്തിത്വങ്ങളായിരുന്നു ഇ.എം.എസ് നമ്ബൂതിരിപ്പാട്, ആര്‍. ശങ്കര്‍, സി. അച്യുതമേനോന്‍, ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍, കെ. കരുണാകരന്‍, , ഇ.കെ. നായനാര്‍, വി.എസ്. അച്യുതാന്ദന്‍, സ്വതന്ത്ര ഇന്ത്യയിലെ വനിതാ രാഷ്ട്രീയക്കാരില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന കെ.ആര്‍. ഗൗരിഅമ്മ സമകാലീനരായ എ.കെ. ആന്റണി, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരെല്ലാം എന്ന് അദ്ദേഹം പറഞ്ഞു. അവ കൂടി വാര്‍ത്തെടുത്തതാണ് ഈ നിയമസഭയുടെ ചരിത്രമെന്നും രാഷ്ട്രപതി പറഞ്ഞു.
ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം അദ്ധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി എ.കെ. ബാലന്‍, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, പ്രതീപക്ഷനേതാവ് രമേശ് ചെന്നിത്തല ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി എന്നിവര്‍ സംസാരിച്ചു. നിയമസഭയുടെ ഉപഹാരം സ്പീക്കര്‍ രാഷ്ട്രപതിക്ക് സമ്മാനിച്ചു. ചടങ്ങിന് ശേഷംസ്വാഗതമോതിക്കൊണ്ടുള്ള മോഹിനിയാട്ടവും കണ്ടാണ് രാഷ്ട്രപതി മടങ്ങിയത്. സഭാമന്ദിരത്തിലെത്തിയ രാഷ്ട്രപതി നിലവിലെ സഭാംഗങ്ങളുമൊത്ത് ഫോട്ടോയുമെടുത്തു.
