കൊച്ചി: കനത്തമഴയും വെള്ളപ്പൊക്കവും നാശം വിതച്ച എറണാകുളം ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും സന്ദര്‍ശിച്ചു. ആലുവ ചെങ്ങമനാട്ടെയും പുത്തന്‍വേലിക്കരയിലെയും ദുരിതാശ്വാസ ക്യാമ്ബുകളിലും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും റവന്യു മന്ത്രി ഇ.ചന്ദ്രശേഖരനും മറ്റ് ഉന്നത ഉദ്യോഗസ്ഥരും എത്തി. ജനങ്ങളില്‍ നിന്ന് പരാതി സ്വീകരിച്ച മുഖ്യമന്ത്രി പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണാമെന്നു പറഞ്ഞാണ് മടങ്ങിയത്.
അതിനിടെ മുഖ്യമന്ത്രിയെ കാണാനോ തങ്ങളുടെ അവസ്ഥകള്‍ പറയാനോ സാധിച്ചില്ലെന്ന് ചെങ്ങമനാട്ടെ ക്യാമ്ബിലുള്ള ഒരു വിഭാഗം ആളുകള്‍ പരാതിപ്പെട്ടു. ഇന്ന് രാവിലെ 7.30നാണ് തിരുവനന്തപുരത്തെ വ്യോമസേനാ ആസ്ഥാനത്തു നിന്ന് ഹെലികോപ്റ്ററില്‍ മുഖ്യമന്ത്രിയും സംഘവും പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി തിരിച്ചത്. ഇടുക്കിയിലേക്കായിരുന്നു ആദ്യ യാത്ര.
എന്നാല്‍ കാലാവസ്ഥ മോശമായിരുന്നതിനേത്തുടര്ന്ന് ഹെലികോപ്റ്റര്‍ കട്ടപ്പനയില്‍ ഇറക്കാനായില്ല. തുടര്‍ന്ന് ഇവിടെ നിന്നും സംഘം വയനാട്ടിലേക്ക് പോവുകയായിരുന്നു. വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്ബ് സന്ദര്‍ശിച്ച സംഘം അവലോകന യോഗത്തിലും പങ്കെടുത്ത ശേഷമാണ് എറണാകുളത്തേക്ക് മടങ്ങിയത്. ഇവിടെ വൈകിട്ട് നാലിന് നടക്കുന്ന അവലോകന യോഗത്തിലും മുഖ്യമന്ത്രിയും പ്രതിക്ഷനേതാവും മറ്റ് സംഘാംഗങ്ങളും പങ്കെടുക്കും.
ഇതിനു ശേഷം ഇടുക്കിയിലെ കാലാവസ്ഥ അനുകൂലമാണെങ്കില്‍ എറണാകുളത്തു നിന്ന് വീണ്ടും അങ്ങോട്ടേയ്ക്ക് തിരിക്കുമെന്നാണ് വിവരം.
