ഇസ്ലാമാബാദ്: പാക്കിസ്ഥാന് പ്രധാനമന്ത്രിയായി മുന്‍ പാക് ക്രിക്കറ്റ് ക്യാപ്റ്റനും പാക്കിസ്ഥാന് തെഹ്രിഖ് ഇ ഇന്‍സാഫ് (പിടിഐ) നേതാവുമായ ഇമ്രാന് ഖാന് സത്യപ്രതിജ്ഞ ചെയ്തു. പാകിസ്താന്റെ 22-ാമത് പ്രധാനമന്ത്രിയാണ് ഇമ്രാന്. ഇസ്ലാമാബാദിലെ പ്രസിഡന്റിന്റെ വസതിയില്‍വെച്ച് നടന്ന ചടങ്ങില്‍ പാക് പ്രസിഡന്റ് മംനൂന്‍ ഹുസൈനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
ഇടക്കാല പ്രധാനമന്ത്രി നസീറുല് മുള്ക്, ദേശീയ അസംബ്ലി സ്പീക്കര്‍ ആസാദ് ഖൈസര്‍, കരസേനാ മേധാവി ഖമര്‍ ജാവേദ് ബജ്വ, വ്യോമസേനാ മേധാവി മുജാഹിദ് അന്‍വര്‍ ഖാന്, നാവികസേനാ മേധാവി സഫര്‍ മഹ്മൂദ് അബ്ബാസി, മുന്‍ ക്രിക്കറ്റ് താരങ്ങളായ റമീസ് രാജ, വസിം അക്രം തുടങ്ങിയവരും ഇന്ത്യയില്‍നിന്ന് കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവ്ജ്യോത് സിംഗ് സിദ്ദുവും ചടങ്ങില്‍ പങ്കെടുത്തു.
കഴിഞ്ഞ വെള്ളിയാഴ്ച്ച പാര്‍ലമെന്റില്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ കേവലഭൂരിപക്ഷം തെളിയിച്ചതോടെയാണ് ഇമ്രാന് ഖാന് പ്രധാനമന്ത്രിയായത്.
ജൂലൈ 25ന് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഇമ്രാന്റെ പാര്‍ട്ടിയായ പാക്കിസ്ഥാന് തെഹ്രിഖ് ഇ ഇന്‍സാഫ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തെരെഞ്ഞെടുക്കപ്പെട്ടിരുന്നുവെങ്കിലും കേവലഭൂരിപക്ഷം നേടാന്‍ സാധിച്ചിരുന്നില്ല. സ്വതന്ത്രരുടേതടക്കം പിന്തുണയോടുകൂടിയാണ് വിശ്വാസ വോട്ടെടുപ്പില്‍ തെഹ്രിഖ് ഇ ഇന്‍സാഫ് കേവല ഭൂരിപക്ഷം നേടിയത്.
