പ്രളയത്തില്‍ നഷ്ടപ്പെട്ട രേഖകള്‍ക്ക് പകരം നല്‍കും: മന്ത്രി എ.കെ.ശശീന്ദ്രന്‍

തിരുവനന്തപുരം: പ്രളയത്തില്‍ ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സും വാഹനങ്ങളുടെ ആര്‍.സി ബുക്ക് അടക്കമുള്ള രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അത് നല്‍കാന്‍ മോട്ടോര്‍വാഹന വകുപ്പ് നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിനായി മറ്റ് നടപടികളെല്ലാം ഒഴിവാക്കും. വില്ലേജ് ഓഫിസറുടെ സാക്ഷ്യ പത്രം ഹാജരാക്കിയാല്‍ മതിയാകും. രേഖകള്‍ നഷ്ടപ്പെട്ടവര്‍ പത്രത്തില്‍ പരസ്യം നല്‍കേണ്ട. വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ രേഖകളുടെ ഡ്യൂപ്ലിക്കേറ്റ് കോപ്പി ഫീസ് ഈടാക്കാതെ നല്‍കും. നഷ്ടപ്പെട്ടവരുടെ എണ്ണം വളരെ കൂടുതലാണെങ്കില്‍ ജില്ലാതലത്തില്‍ അദാലത്ത് നടത്തും. വാഹനങ്ങളുടെ താല്‍ക്കാലിക രജിസ്‌ട്രേഷന്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കും വില്ലേജ് ഓഫിസറുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മറ്റ് രേഖകള്‍ ഇല്ലാതെ രജിസ്റ്റര്‍ ചെയ്യാം. ഈമാസം 13 മുതല്‍ 31വരെ നഷ്ടപ്പെട്ട രേഖകള്‍ക്കാണ് പകരം നല്‍കാന്‍ നടപടി സ്വീകരിക്കുന്നത്. ഏതു തീയതി വരെയും അപേക്ഷ നല്‍കാം. താല്‍ക്കാലിക രജിസ്‌ട്രേഷന്‍ കഴിഞ്ഞ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും രജിസട്രേഷന്‍ പുതുക്കുന്നതിനും സൗകര്യം ഏര്‍പ്പെടുത്തും. ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ പിഴകള്‍ ഉള്‍പ്പെടെയുള്ള സാമ്ബത്തിക ബാധ്യതയും ഒഴിവാക്കും. സി.എഫ് ടെസ്റ്റിന്റെ കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ കോംപൗണ്ടിംഗ് ഫീസ് ഒഴിവാക്കും. ഫാന്‍സി നമ്ബര്‍ കാലവധി കഴിയുന്നത് ക്രമപ്പെടുത്തും.

പ്രളയത്തില്‍ കെ.എസ്.ആര്‍.ടി.സിക്ക് 30 കോടിയുടെ നഷ്ടം സംഭവിച്ചതായാണ് പ്രഥമിക കണക്ക്. ദിവസം നാലരക്കോടിയുടെ നഷ്ടം. ഒമ്ബത് ഡിപ്പോകള്‍ പൂര്‍ണമായും 15 എണ്ണത്തില്‍ ഭാഗികമായും നശിച്ചു. വര്‍ക്ക് ഷോപ്പുകളിലെ ഉപകരണങ്ങള്‍ പൂര്‍ണമായും നശിച്ചു. കട്ടപ്പന ഡിപ്പോ ഉരുള്‍പൊട്ടലില്‍ തകര്‍ന്നു. വെള്ളം കയറി നശിച്ച വാഹനങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കമ്ബനികളുമായി ചര്‍ച്ച നടത്തി.

പ്രകൃതിക്ഷോഭമായി പരിഗണിച്ച്‌ നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍, കമ്ബനികളുടെ അപകടങ്ങളുടെ പട്ടികയില്‍ പ്രകൃതിദുരന്തമില്ല. ഇക്കാര്യത്തില്‍ കമ്ബനികള്‍ അനകൂല നിലപാട് സ്വീകരിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ആര്‍മി ഉള്‍പ്പെടെയുള്ളവരുടെ പ്രവര്‍ത്തനത്തിനായി കെ.എസ്.ആര്‍.ടി.സിയുടെ വാഹനങ്ങളാണ് ഉപയോഗിച്ചത്. സാമ്ബത്തിക പ്രതിസന്ധിക്കിടയിലും 17 മുതല്‍ പെന്‍ഷന്‍ കൊടുത്തു തുടങ്ങി. മത്സ്യത്തൊഴിലാളികളുടെ വള്ളം എത്തിക്കുന്നതിനും മറ്റും പുറത്തുനിന്ന് വാഹങ്ങളും മോട്ടോര്‍വാഹനവകുപ്പ് ഉപയോഗിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *