തിരുവനന്തപുരം: ഐ.എസ്.ആര്.ഒ ചാരക്കേസില്‍ തനിക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ശാസ്ത്രജ്ഞന് നമ്ബി നാരായണന്റെ പ്രതികരണം. വൈകിയെങ്കിലും നീതി നടപ്പിലായതിലും സന്തോഷമുണ്ട്. നഷ്ടപരിഹാരത്തേക്കാള്‍ കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനാണ് താന്‍ ശ്രമിച്ചത്.
സുപ്രീം കോടതി വിധിച്ചത് പോലെ ജുഡീഷ്യല്‍ അന്വേഷണം നടക്കുന്നതിനേക്കാള്‍ സി.ബി.ഐ സംഘം അന്വേഷിക്കുന്നതാണ് ഉചിതം. ജുഡീഷ്യല്‍ അന്വേഷണത്തിന് സമയക്രമം നിശ്ചയിക്കുന്നത് സംബന്ധിച്ച് വ്യക്തത വരേണ്ടതുണ്ട്. ഇക്കാര്യത്തിലെ കൂടുതല്‍ പ്രതികരണം കോടതി ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയതിന് ശേഷം നല്‍കാമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി. കേസില്‍ അന്താരാഷ്ട്ര ഏജന്‍സികളുടെ ഗൂഢാലോചനയുണ്ടെന്ന് നമ്ബി നാരായണന് ആദ്യം മുതല്‍ തന്നെ ആരോപിച്ചിരുന്നു. അന്താരാഷ്ട്ര ഏജന്‍സികളുടെ പങ്കുള്ളതിനാല്‍ ഇതിന് പിന്നിലെ ഗൂഢാലോചന കണ്ടെത്താന്‍ സി.ബി.ഐ അന്വേഷണം വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഇക്കാര്യത്തിനായി നിയമ പോരാട്ടം തുടരാന്‍ തന്നെയാണ് നമ്ബി നാരായണന്റെ നീക്കമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്കുന്ന സൂചന.
1994 നവംബര്‍ 30നാണ് നമ്ബി നാരായണന് ചാരക്കേസില്‍ അറസ്റ്റിലായത്. എന്നാല്‍, അദ്ദേഹത്തിനെതിരായ കേസ് തെറ്റാണെന്ന് സി.ബി.ഐ നല്കിയ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സി.ബി.ഐ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, കേസ് അവസാനിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു.
