വയനാട് പാല്‍ച്ചുരം റോഡ് ഗതാഗത യോഗ്യമാക്കി; ഗതാഗതം 15 ടണ്ണില്‍ കുറവുള്ള വാഹനങ്ങള്‍ക്ക് മാത്രം

കല്‍പ്പറ്റ: പ്രളയത്തില്‍ തകര്‍ന്ന പാല്‍ച്ചുരം റോഡ് താത്കാലികമായി ഗതാഗത യോഗ്യമാക്കി. തിങ്കളാഴ്ച മുതല്‍ ഇതുവഴി വാഹനങ്ങള്‍ കടത്തി വിടും. എന്നാല്‍ ഇതുവഴി വരുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 15 ടണ്ണില്‍ കുറവുള്ള ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് മാത്രമെ ചുരംവഴി കടന്നു പോകാനാകൂ. റോഡിന്റെ പുനര്‍നിര്‍മ്മാണം ഇപ്പോഴും നടന്ന് വരികയാണ്. ഇത് പൂര്‍ത്തിയായാല്‍ മാത്രമെ 15 ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള വാഹനങ്ങള്‍ കടത്തി വിടുന്നതിനെ കുറിച്ച്‌ തീരുമാനമെടുക്കൂ.

അമ്ബായത്തോട് മുതല്‍ ബോയ്സ് ടൗണ്‍ വരെ 6.27 കിലോമീറ്ററാണ് പാല്‍ച്ചുരം റോഡിന്റെ ദൂരം. ഇതില്‍ വനമേഖലയിലുള്ള മൂന്നര കിലോമീറ്ററിലേറെ റോഡ് മണ്ണിടിച്ചിലില്‍ തകര്‍ന്നിരുന്നു.ചില ഭാഗങ്ങള്‍ ഒഴുകി പോകുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് അധികൃതര്‍ പാല്‍ച്ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചത്. റോഡ് പൂര്‍ണ്ണമായും ഒഴുകി പോയ 50 മീറ്ററില്‍ കോണ്‍ക്രീറ്റ് ചെയ്തിരിക്കുകയാണിപ്പോള്‍.

ചുരത്തിലൂടെ ഞായറാഴ്ച ബസ് ട്രയല്‍ റണ്‍ നടത്തി ഉദ്യോഗസ്ഥര്‍ റോഡ് പരിശോധിച്ച്‌ ഉറപ്പുവരുത്തുകയും ചെയ്തു. നിര്‍ദ്ദേശങ്ങളെല്ലാം കര്‍ശനമായി പാലിച്ച്‌ മാത്രമെ വാഹനങ്ങള്‍ ഇതുവഴി കടന്നു പോകാന്‍ പാടുള്ളുവെന്ന് പൊതുമരാമത്ത് വകുപ്പ് വടകര ചുരം ഡിവിഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ടി.പ്രശാന്ത് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *